ചാവക്കാട്: ഇന്നലെ രാവിലെ അനുഭവപ്പെട്ട മിന്നൽ ചുഴലി തീരദേശത്ത് വ്യാപക നാശം വിതച്ചു. എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് പതിനഞ്ചോളം വീടുകൾ മരങ്ങൾ വീണു ഭാഗികമായി തകർന്നു. എടക്കഴിയൂ മദ്രസക്കടുത്ത് ദേശീയപാതയിൽ ഭീമൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ടോടെയാണ് മിനിറ്റുകൾ മാത്രം നീണ്ടുനിന്ന മിന്നൽ ചുഴലി മേഖലയിൽ വ്യാപക നാശം വിതച്ചത്.
എടക്കഴിയൂർ കാജാ കമ്പനിക്ക് പടിഞ്ഞാറ് മൂത്തേടത്ത് ഷാഫിയുടെ വീട് വൈദ്യുത പോസ്റ്റും മരവും വീണു തകർന്നു. സി.വി. സുരേന്ദ്രന്റെ ഷീറ്റ് മേഞ്ഞ വീടും മരങ്ങൾ വീണു തകർന്നു. വലിയ പ്ലാവ് കടപുഴകി വീണാണ് മാടാടത്തയിൽ അഹമ്മദിന്റെ ഒരു നില ഓട് വീട് തകർന്നത്. പള്ളിപ്പറമ്പിൽ ഹുസൈൻ, അമ്പലയിൽ കല്യാണി, പുതുവീട്ടിൽ ലത്തീഫ്, ബ്ലാങ്ങാട് താഴത്ത് ഹുസൈൻ, കറുപ്പംവീട്ടിൽ ഷാഹു, വടക്കേ പുറത്ത് പാത്തുമ്മു എന്നിവരുടെ വീടുകളും മരങ്ങൾ വീണു തകർന്നിട്ടുണ്ട്.
വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണതോടെ ചാവക്കാട്, എടക്കഴിയൂർ, ഒരുമനയുർ മേഖലകളിൽ വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്. മദ്രസയ്ക്കടുത്ത് ദേശീയ പാതയിലേക്ക് വീണ മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കാപ്
ചാവക്കാട് അമ്പലയിൽ കല്യാണിയുടെ വീട് മരങ്ങൾ വീണ് തകർന്ന നിലയിൽ