മാള: കേന്ദ്ര റോഡ് ഫണ്ട് കൂടുതൽ ലഭിച്ചത് കഴിഞ്ഞ മൂന്ന് വർഷങ്ങളിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ അഷ്ടമിച്ചിറ പാളയംപറമ്പ് വൈന്തല അന്നമനട റോഡിന്റെ പുനരുദ്ധാരണ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയ വൈരുദ്ധ്യമുണ്ടായിട്ടും സംസ്ഥാനം ആവശ്യപ്പെട്ട 98 പദ്ധതികൾക്കും പണം അനുവദിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രി ഗഡ്കരിയോട് നന്ദി രേഖപ്പെടുത്തുന്നു. മുഖ്യമന്ത്രിയടക്കം പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത നിർമ്മാണം പൂർത്തിയാക്കാൻ ധാരണയായത്. മുമ്പ് ഇരുമുന്നണികളും ഭരിച്ചിട്ടും ദേശീയപാതയുടെ നിർമ്മാണം നടന്നിട്ടില്ല. റെയിൽവേ പദ്ധതിക്ക് പോലും സംസ്ഥാനം പകുതി ഫണ്ട് കൊടുക്കേണ്ട അവസ്ഥയാണ്. നമ്മുടെ നാട് പിറകിൽ പോകാതിരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ട ഫണ്ട് കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ജില്ലയിൽ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വർഷത്തിനകം 5,000 കോടിയുടെ പൊതുമരാമത്ത് വകുപ്പ് പദ്ധതികൾ അനുവദിച്ചത്. കൊടുങ്ങല്ലൂരിൽ മാത്രം 428 കോടിയുടെ പദ്ധതി നടപ്പാക്കി. റോഡിലെ കുഴി എണ്ണലാണ് എൻജിനീയർമാരുടെ പ്രധാന ജോലിയെന്നും മന്ത്രി വ്യക്തമാക്കി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. കൊടുങ്ങല്ലൂർ,ചാലക്കുടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പത്ത് കിലോമീറ്റർ റോഡ് ആധുനിക രീതിയിൽ പുനരുദ്ധരിക്കുന്നതിന് 10 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 9 മാസത്തെ കാലവധിയിലാണ് കരാർ എടുത്തിട്ടുള്ളത്.