തൃശൂർ : പ്രളയദുരന്തത്തിന്റെ ഭാവം പകർന്ന് സംസ്ഥാനത്തെമ്പാടും മഴ കനക്കുമ്പോൾ ജില്ലയിലും മഴയിൽ കനത്ത നാശം. മഴയോടൊപ്പമെത്തിയ മിന്നൽച്ചുഴലിയിൽ മരങ്ങൾ വീണും മറ്റും നിരവധി വീടുകൾ തകർന്നു. മരങ്ങൾ വീണ് പലയിടങ്ങളിലും വൈദ്യുതവിതരണം തകരാറിലായി. ഗതാഗതം തടസപ്പെട്ടു. അതിനിടെ സെപ്റ്റിക് ടാങ്കിൽ കെട്ടിക്കിടന്ന വെള്ളത്തിൽ വീണ് പിഞ്ചുബാലൻ മരിച്ചു. തലപ്പിള്ളി താലൂക്കിലെ പൈങ്കുളം വില്ലേജിൽ പേറക്കാട്ടിൽ ശശികുമാറിന്റെ മകൻ ആദിദേവാണ് (4) ബന്ധുവിന്റെ പണിതീരാത്ത വീടിന്റെ സെപ്ടിക് ടാങ്കിൽ വീണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ചാലക്കുടി താലൂക്കിൽ കൊടകര വട്ടേക്കാട് മുക്കണാംപറമ്പിൽ ജോർജിന്റെ ഓടിട്ട വീട് ആൽമരം വീണ് പൂർണമായും തകർന്നു. ജോർജ് (77), ഭാര്യ റോസിലി (71), ചെറുമകൾ അലീന (17) എന്നിവർക്ക് പരിക്കേറ്റു. ജോർജിന്റെ നില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുതിരാനിൽ വീണ മരം മുറിച്ചു മാറ്റി ഇന്നലെ രാവിലെയോടെ ഗതാഗതം പൂർവസ്ഥിതിയിലാക്കി. ചാലക്കുടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റ് വീശി വീടുകളുടെ മേൽക്കൂര പറന്നുപോയി. മലക്കപ്പാറ റോഡിൽ രാവിലെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രധാന ഡാമുകളിൽ നീരൊഴുക്ക് വർദ്ധിച്ചു. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയർന്നു. കൊടുങ്ങല്ലൂർ, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലായി നാല് ക്യാമ്പ് തുറന്നു. ഇതിൽ 15 കുടുംബങ്ങളിലായി 54 പേരാണുളളത്.
കളക്ടറുടെ ക്യാമ്പ് ഓഫീസിൽ മരം വീണു
തൃശൂർ : ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് പൊട്ടി വീണ് ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ ക്യാമ്പ് ഓഫീസിലെ കാർ ഷെഡിന്റെ ഒരു ഭാഗം തകരുകയും ഇവിടേക്കുള്ള വൈദ്യുത കേബിൾ പൊട്ടിവീഴുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. ക്യാമ്പ് ഓഫീസിലുണ്ടായിരുന്ന ഈട്ടി മരത്തിന്റെ കൊമ്പ് ശക്തമായ കാറ്റിൽ പൊട്ടിവീഴുകയായിരുന്നു. ഇതേത്തുടർന്ന് കോമ്പൗണ്ടിലെ പ്ലാവിന്റെ കൊമ്പും പൊട്ടിവീണു.
നഗരത്തിലും മരം കടപുഴകി വീണു
കാറ്റിലും മഴയിലും നഗരപ്രദേശങ്ങളിലും വ്യാപക നാശം. കണിമംഗലം വലിയാലുക്കലിൽ മുളങ്കൂട്ടം റോഡിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തേക്കിൻകാട് വലിയ മദിരാശി മരം കടപുഴകി. പുതൂർക്കരയിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുന്നിലെ 200 വർഷം പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകി വീണു. പുതൂർക്കര, അയ്യന്തോൾ മേഖലയിൽ നിരവധി വീട്ടുപറമ്പുകളിലെ പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയവ കാറ്റിൽ വീണു. വൈദ്യുതിക്കമ്പികൾ പൊട്ടിവീണു. മതിലുകൾ തകർന്നു. സാഹിത്യ അക്കാഡമിക്ക് മുന്നിലെ മുളങ്കാട് കാറ്റിൽ വീണു. ശക്തൻ നഗറിൽ രണ്ടിടത്ത് മരം വീണു. പൂങ്കുന്നത്ത് രണ്ടിടത്ത് മരം വീണു. ട്രാൻസ്‌ഫോർമറിന് മുകളിലേക്കായിരുന്നു ഒരു മരം വീണത്. എം.ജി നഗറിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊട്ടേക്കാട് പുളിമരം റോഡിലേക്ക് വീണു.
ട്രെയിൻ ഗതാഗതം താറുമാറായി
കനത്ത മഴയിൽ ട്രെയിൽ ഗതാഗതം താറുമാറായി. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി. കൊരട്ടിയിൽ പാലത്തിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു..