തൃശൂർ : വനഭൂമി പട്ടയവിതരണം ഡിസംബറിൽ നടത്താൻ മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനുളള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. കേന്ദ്രാനുമതി ലഭിച്ച 2726.3877 ഹെക്ടറിൽ 1200.7068 ഹെക്ടറിന് 2019 ജൂലായ് 31 നുളളിൽ പട്ടയം നൽകിക്കഴിഞ്ഞു. ബാക്കി 1057.4915 ഹെക്ടറിലാണ് പട്ടയം അനുവദിക്കേണ്ടത്.

ഇതിനായി ലഭിച്ച 3031 അപേക്ഷകളിൽ ടോട്ടൽ സ്റ്റേഷൻ, ജി.പി.എസ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സർവേ പൂർത്തീകരിക്കുക. ഇതിൽ സർവേ നടത്തുന്നതിന് മൂന്ന് പേർ വീതമുളള 10 ടീമുകളെ നിയോഗിക്കും. ജി.പി.എസ് ഉപകരണങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാനും നടപടികൾ എടുക്കും. ഒക്‌ടോബർ 20 നകം സർവേ പൂർത്തീകരിക്കും. റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധന പൂർത്തീകരിക്കാനുളള 1352.5986 ഹെക്ടറിൽ ഈ മാസം 19 മുതൽ സംയുക്ത പരിശോധന തുടങ്ങും. 45 ദിവസം കൊണ്ട് സംയുക്ത പരിശോധന പൂർത്തീകരിക്കും. ജില്ലാ കളക്ടർ എസ് . ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, മുരളി പെരുനെല്ലി എം.എൽ.എ, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുത്തു...