പുതുക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ വ്യപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ വീടുകൾക്ക് മുകളിൽ വീണ് അഞ്ചു വീടുകൾ തകർന്നു. മുളങ്ങിൽ ഇന്നലെ പുലർച്ചെ വീശിയടിച്ച ചുഴലിക്കാറ്റിൽ പാലക്കട ക്ഷേത്രത്തിനടുത്ത് ഫലവൃക്ഷങ്ങൾ കടപുഴകി വീണു. നൂറു കണക്കിന് നേന്ത്രവാഴകൾ ഒടിഞ്ഞു. ഒട്ടേറെ ജാതി മരങ്ങൾ കടപുഴകി വീണു. ഇന്നലെ ഉച്ചയ്ക്ക് വീശിയടിച്ച കാറ്റിൽ നെടുംബാളിൽ വെളിച്ചണ്ണ മില്ലിലെ കൊപ്ര ചേക്കിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പറന്നു പോയി.
പനങ്കുളത്തുകാരൻ ഫ്രാൻസീസിന്റെ വീടിന്റെ സ്ട്രസ് പറന്ന് വൈദ്യുതി കമ്പിയിൽ തൂങ്ങി നിന്നു. ഒട്ടേറെ ഫലവൃക്ഷങ്ങൾ കടപുഴകി വീണു. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത നേന്ത്രവാഴകൾ ഒടിഞ്ഞു. കാളക്കല്ല് കൊളത്തി പറമ്പിൽ മല്ലികയുടെ വീടിന്റെ മേൽക്കൂര പറന്നു പോയി. മുപ്ലിയം കുഞ്ഞക്കരയിൽ മൂർക്കനാടൻ കമലയുടെ വീട് കഴിഞ്ഞ രാത്രി കനത്ത കാറ്റിൽ മരം വീണ് തകർന്ന നിലയിൽ. ആർക്കും പരിക്കില്ല.
വട്ടപറമ്പിൽ വിജയന്റെ വീടിന്റെ മുകിൽ തേക്ക് വീണു. ചെങ്ങാലൂർ പള്ളിക്കു സമീപത്തെ തെക്കും പിടിക ജോയിയുടെ വീടിനു മുകളിലും തേക്ക് വീണു വീട് തകർന്നു. വളഞ്ഞുപ്പാടം അരണക്കൽ രവിയുടെ വീടിനു മുകളിൽ തെങ്ങ് വീണു വീട് തകർന്നു. കരയാം പാടത്ത് മഞ്ഞളി ചാക്കുണിയുടെ വീടിനു മുകളിൽ മാവ് വീണ് വീട് തകർന്നു. കളകല്ല് തോട്യാൻ ബേബിയുടെ മോട്ടോർ ഷെഡിന്റെ മേൽക്കൂരയും ആനയെ തളക്കുന്ന ഷെഡിന്റെ മേൽക്കൂരയും പറന്നു പോയി. മാട്ടുമല, കുണ്ടുകടവ്, ശാന്തിനഗർ, കല്ലൂർ ഭരത, വരാക്കര എന്നിവിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. മേഖലയിൽ വ്യാപകമായി മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടി. വൈദ്യുതി വിതരണം താറുമാറായി.