ചേർപ്പ്: ചലച്ചിത്ര, നാടകങ്ങളിലൂടെ അഭിനയ മികവ് പുലർത്തുകയാണ് നേഹ ഉണ്ണിക്കൃഷ്ണൻ. ഒട്ടേറെ പുരസ്കാരങ്ങളും പ്രശംസയും നേടിയെടുക്കുന്ന ഈ മിടുക്കിക്ക് അനിൽ പരയ്ക്കാട് സംവിധാനം ചെയ്ത 'ബാലപാഠങ്ങൾ' എന്ന സിനിമയിലെ അഭിനയത്തിന് അന്തർദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന അവാർഡ് ദാന ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറാണ് നേഹയ്ക്ക് അവാർഡ് സമ്മാനിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പ്രശംസയും നേഹയ്ക്ക് ലഭിക്കുകയുണ്ടായി.
ചേർപ്പ് നാടകപുരയുടെ നേതൃത്വത്തിൽ നരിപ്പറ്റ രാജു സംവിധാനം ചെയ്ത തിയ്യൂർ രേഖകൾ എന്ന നാടകത്തിൽ ശ്രദ്ധേയ വേഷവും നേഹ ചെയ്തിട്ടുണ്ട്. തൃശൂരിൽ കഴിഞ്ഞ പാർട്ട് ഒ.എൻ.എ ഫിലിം ഫെസ്റ്റിൽ പി.ജെ. ആന്റണി പുരസ്‌കാര സമർപ്പണ ചടങ്ങിൽ മികച്ച ബാലതാരത്തിനുള്ള അവാർഡും നേഹയ്ക്ക് ലഭിക്കുകയുണ്ടായി. ശരത് സംവിധാനം ചെയ്ത വെയിൽ എന്ന പുതിയ ഫീച്ചർ സിനിമയിലും അഭിനയത്രിയാണ് നേഹ. വേനൽത്തുമ്പികൾ കലാജാഥയുടെ സംസ്ഥാന പരിശീലകയും കൂടിയാണ് ഈ മിടുക്കി.
പെരിങ്ങോട്ടുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പഠനം കഴിഞ്ഞ നേഹ തൃശൂർ വിബ്ജിയോറിൽ പഠിക്കുകയാണ്. ഒപ്പം സിനിമകളിലും നാടകങ്ങളിലും സജീവമാകണമെന്ന പ്രതീക്ഷയും കൈവെടിയുന്നില്ല.
ഓട്ടോ ഡ്രൈവറായ അമ്മാടം മുള്ളക്കര പുതുപ്പിള്ളി ഉണ്ണിക്കൃഷ്ണനാണ് നേഹയുടെ പിതാവ്. സാഹിത്യ പ്രവർത്തകയും സഹസംവിധായകയുമായ സന്ധ്യയാണ് മാതാവ്. മാതളനാരങ്ങ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ച അനുജത്തി പാർവതിയും അടങ്ങുന്നതാണ് നേഹയുടെ കുടുംബം.
അന്തർദേശീയ പുരസ്‌കാര സമർപ്പണ ചടങ്ങിൽ നേഹ ഉണ്ണിക്കൃഷ്ണൻ , നേഹ ഉണ്ണിക്കൃഷ്ണൻ