ചാലക്കുടി: തട്ടിക്കൊണ്ടു പോയ സംവിധായകൻ നിഷാദ് ഹസനെ ചിറങ്ങരയിൽ കണ്ടെത്തി. നാലംഗ സംഘം നിരവധി തവണ മർദ്ദിച്ച ശേഷം വഴിയിൽ തള്ളുകയായിരുന്നുവെന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഷാദ് പറഞ്ഞു. ഇയാളെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തന്നെ കാറിൽ വലിച്ചു കയറ്റിയ നാലുപേരും മുഖം മൂടി ധരിച്ചിരുന്നുവെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. കാറിൽ കയറ്റിയ ശേഷം ഇവർ മർദ്ദിച്ചു. മണിക്കൂറുകളോളം കാറിൽ ചുറ്റിത്തിരിഞ്ഞ ശേഷം അജ്ഞാതമായ വീട്ടിലെ മുറിയിൽ പൂട്ടിയിട്ടു.
വ്യാഴാഴ്ച രാവിലെ എത്തിയവർ വീണ്ടും മുഖം മൂടി ധരിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടു പോയി. ഈ സമയത്തും മർദ്ദനമേറ്റു. പിന്നീടൊരു സ്ഥലത്ത് തള്ളിയിട്ടു. ഇവിടെ വച്ചാണ് നാട്ടുകാരനായ ഒരാളുടെ ഫോണിൽ പൊലീസുമായി ബന്ധപ്പെട്ടത്. തുർന്ന് പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. എതിരാളിയായ നിർമ്മാതാവ് തന്നെയാണ് ഇതിന്റെ പിന്നിലെന്ന് നിഷാദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിഷാദിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എങ്കിലും ഇയാളുടെ ദേഹത്തുള്ള പാടുകൾ മർദ്ദനത്തിന്റേതാണെന്ന് കരുതുന്നു. മുതുകിലും നെഞ്ചിലുമാണ് അടയാളം കാണപ്പെട്ടത്.