പാവറട്ടി: മുല്ലശ്ശേരിയിൽ മിന്നൽ ചുഴലി ആഞ്ഞടിച്ച് കനത്ത നാശനഷ്ടം. 15 ഓളം വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ ഭീതിയിലാഴ്ത്തി ചുഴലി ആഞ്ഞുവീശിയത്. അപ്പനാടത്ത് കൃഷ്ണപ്പൻ ശങ്കരന്റെ വീട് പൂർണ്ണമായും തകർന്നു.
പഴനി ശങ്കുരു, കളപ്പുരയ്ക്കൽ സിദ്ധാർത്ഥൻ, വെട്ടിയാറ ബിജു, വെട്ടിയാറ സുരേന്ദ്രൻ, കണ്ടുരുത്തിൽ രാജൻ, കണ്ടുരുത്തിൽ ഗോപി, മുല്ലശ്ശേരി ഭാർഗവി, പാണ്ഡയത്ത് ശങ്കരൻ, അനന്തം വീട്ടിൽ അടിമ, വെട്ടിക്കൽ സതീഷ് എന്നിവരുടെ വീടിനു മേലെയാണ് വലിയ മരങ്ങൾ വീണ് നാശം വിതച്ചത്. ഊരകത്തെ അംഗൻവാടിയുടെ മേൽക്കൂരയിലെ ഷീറ്റ് പറന്നു പോയി.
ശക്തമായ കാറ്റിൽ പല വീടുകളുടെയും മേൽക്കൂര പറന്നു പോയി .മധുക്കരയിൽ വെട്ടിമേൽ കുടുംബ ക്ഷേത്രം പൂർണ്ണമായും തകർന്ന നിലയിലാണ്. മുല്ലശ്ശേരി താണവീഥി, പറമ്പൻ തളി ഹൈസ്കൂൾ റോഡ്, കൈരളി റോഡ്, അച്ചുതമേനോൻ റോഡ് തുടങ്ങിയ ഗ്രാമീണ റോഡുകളിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞ് വീണ് ഗതാഗതവും വൈദ്യുതിയും പൂർണ്ണമായും സ്തംഭിച്ചു. കാർഷിക രംഗത്തും വലിയ നാശം സംഭവിച്ചു.

താണ വീഥിയിലെ പല വാഴത്തോട്ടങ്ങൾക്കും നാശം സംഭവിച്ചു. തെങ്ങുകളും കാവുങ്ങുകളും കാറ്റിൽ മുറിഞ്ഞ് വീഴുകയായിരുന്നു. സംഭവങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കി മുരളി പെരുനെല്ലി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, സ്ഥിരം സമിതി അദ്ധ്യക്ഷകളായ മിനി മോഹൻദാസ്, സീമ ഉണ്ക്ണികൃഷ്ണൻ, വാർഡ് മെമ്പർ ബബിത ലിജോ എന്നിവരുടെ നേത്യത്വത്തിലുള്ള ജനപ്രതിനിധികളും നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതരും മണിക്കൂറുകൾ നീണ്ട കൂട്ടമായ പ്രയത്നത്തിനൊടുവിലാണ് വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിക്കാനായത്.