തൃശൂർ : മലയോര പട്ടയസമിതിയുടെ നേതൃത്വത്തിൽ ഒരാഴ്ചയോളമായി നടക്കുന്ന പട്ടയസമരം പിൻവലിച്ചു. ഡിസംബറിൽ പട്ടയ വിതരണം പൂർത്തിയാക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഇന്നലെ മന്ത്രി തലത്തിൽ നടന്ന ചർച്ചയിൽ പട്ടയ വിതരണം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു. തുടർന്ന് വൈകീട്ട് സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനം അറിയിച്ചു. എന്നാൽ തങ്ങൾ ഉയർത്തിയ മറ്റാവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ഇതും അംഗീകരിച്ചതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം എം.എൽ.എ ഓഫീസിന് മുന്നിൽ നിന്ന് സമരം പെട്ടെന്ന് കളക്ടറേറ്റിലേക്ക് മാറ്റി. തുടർന്ന് കളക്ടറുടെ ഓഫീസ് ഉപരോധിച്ച് സമരമുറ മാറ്റി. എന്നാൽ രാത്രി പതിനൊന്നരയോടെ സമരക്കാരെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ കൊണ്ടുപോവുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വാനിൽ കയറ്റി വെട്ടുകാട് സെന്ററിൽ എത്തിച്ചു. എന്നാൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 200 ഓളം പേർ പൊലീസ് വാനിൽ സമരം തുടർന്നു. രാവിലെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് ഉപരോധിച്ചു. ഇതോടെ പ്രശ്‌നം വഷളാകുമെന്ന സ്ഥിതി വന്നതോടെ മന്ത്രി എ.സി മൊയ്തീൻ ഇടപെട്ട് ചർച്ചയ്ക്ക് വിളിച്ചു. ഇതേത്തുടർന്ന് ഉപരോധ സമരം നിറുത്തിവച്ചു. ഇതിനിടെ സമരക്കാരെ മണിക്കൂറുകളോളം ബന്ദിയാക്കിയ നടപടിയെ മനുഷ്യാവകാശ കമ്മിഷൻ വിമർശിച്ചു.
മന്ത്രി എ.സി മൊയ്തീൻ, മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ.വി. വസന്തകുമാർ, സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, കേരള കർഷക സംഘം ജില്ലാ സെക്രട്ടറി പി.ഐ.സി ഡേവിഡ്, മലയോര സംരക്ഷണ സമിതി ചെയർമാൻ ജോബി കാപ്പങ്ങൽ, രക്ഷാധികാരി ഫാ. ജോർജ് കണ്ണംപ്ലാക്കൽ, സുരേന്ദ്രൻ ഐനിക്കുന്നത്ത് (ബി.ജെ.പി), ടി.കെ. ശ്രീനിവാസൻ (ഐ.എൻ.സി), പി.കെ. ഷാഹുൽ ഹമീദ് (ഐ.യു.എം.എൽ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.