paddy
ഇത് പുഴയല്ല :കൊച്ചുകടവിനും എരവത്തൂരിനും ഇടയിലുള്ള പാടശേഖരമാണ് പുഴ പോലെ നിറഞ്ഞൊഴുകുന്നത്.

മാള: പ്രളയത്തിന്റെ ഭീതി വിട്ടൊഴിയും മുമ്പേ മാള മേഖലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞു. പ്രളയത്തിന് സമാനമായ അവസ്ഥയാണ് മാള മേഖലയിലെങ്ങും ദൃശ്യമായത്. കുഴൂർ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ നിന്ന് വഞ്ചിയിൽ ആളുകളെ മറുകരയിൽ എത്തിക്കുകയാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ആദ്യ ഘട്ടത്തിൽ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയത്. ഇന്നലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന തിരക്കിലായിരുന്നു. കുഴൂർ പഞ്ചായത്തിലെ ആലമറ്റം, ചെത്തിക്കോട്, കുണ്ടൂർ, എരവത്തൂർ, കുഴൂർ, കൊച്ചുകടവ് മേഖലകളിൽ വീടുകളിലേക്ക് വെള്ളം കയറി. എരവത്തൂർ, കുണ്ടൂർ എന്നിവിടങ്ങളിലായി മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്. അന്നമനട പഞ്ചായത്തിലെ മേലഡൂർ സർക്കാർ സ്‌കൂളിലും ക്യാമ്പ് തുറന്നിട്ടുണ്ട്. പല മേഖലകളിലും ഗതാഗതം തടസപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതിനാൽ കുണ്ടൂരിലേക്കുള്ള ബസ് സർവീസ് രാവിലെതന്നെ നിറുത്തി.
മാള പഞ്ചായത്ത് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലും കെ.കെ റോഡിലും വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങൾ ഉയർന്ന സ്ഥലത്തേക്ക് കയറ്റിവെയ്ക്കുന്ന അവസ്ഥയുണ്ടായി. പെട്രോൾ പമ്പുകളിലും രാവിലെ മുതൽ വലിയ തിരക്കാണ്. അന്നമനടയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. പുഴ കര കവിഞ്ഞതിനെ തുടർന്ന് ഈ മേഖലയിലെ നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞു. പുഴയോരത്തെ സൗഹൃദ പാർക്ക് പതിവുപോലെ വെള്ളത്തിലായി.
പുഴ കൈയേറി സർക്കാർ ചെലവിൽ നിർമ്മിച്ച പാർക്കിലെ കെട്ടിടം അടക്കമുള്ളവ പൂർണമായി മുങ്ങി. പാളയംപറമ്പ് കണിച്ചാംതുറയിലൂടെ പുഴയിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുന്ന അവസ്ഥയാണ്. വ്യാപകമായ കൃഷി നാശവും ഉണ്ടായി. ഓണത്തിന് വിളവെടുക്കാവുന്ന ആയിരക്കണക്കിന് ഏത്തവാഴകളാണ് വെള്ളത്തിലായി. ഇതര പച്ചക്കറി കൃഷികളും നശിച്ചു. പാടശേഖരങ്ങളിലെ കൃഷി ഏറെക്കുറെ പൂർണമായി നശിച്ചു. കോടികളുടെ കൃഷിനാശമാണ് മാള മേഖലയിൽ ഉണ്ടായത്.