തൃശൂർ: വൃഷ്ടിപ്രദേശങ്ങളിലും മലയോരത്തും മഴ അതിതീവ്രമായി പെയ്തതോടെ പുഴകളിലും ഡാമുകളിലും വെളളം നിറഞ്ഞത് നിമിഷനേരം കൊണ്ട്. പീച്ചി ഡാമിൽ ഒറ്റദിവസം ഒഴുകിയെത്തിയത് 10 ദശലക്ഷം ഘനമീറ്റർ വെള്ളം. ചിമ്മിനിയിൽ 12 ദശലക്ഷം ഘനമീറ്റർ വെള്ളം ഇന്നലെ മാത്രം കൂടി. ചാലക്കുടി പുഴയും ഭാരതപ്പുഴയും കരകവിഞ്ഞതോടെ ജില്ലയിലെ കാലവർഷം പ്രളയസമാനം. അതേസമയം, തൃശൂർ അടക്കമുള്ള ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.


പീച്ചി

പരമാവധി: 79.25 മീറ്റർ

സംഭരണശേഷി: 95 ദശലക്ഷം ഘനമീറ്റർ

ഇന്നലെ ജലവിതാനം: 74.11 മീറ്റർ (സ്റ്റോറേജ്: 40.67 ദശലക്ഷം ഘനമീറ്റർ),

സംഭരണശേഷിയുടെ (42.83 ശതമാനം)

വ്യാഴാഴ്ച: 72.44 (സ്റ്റോറേജ്:30.857 ദശലക്ഷം ഘനമീറ്റർ).

33.50 ശതമാനം

ചിമ്മിനി

ജലവിതാനം: 63.41 മീറ്റർ( സ്റ്റോറേജ് : 67.61 ദശലക്ഷം ഘനമീറ്റർ)

സംഭരണശേഷിയുടെ 44.61 ശതമാനം

വ്യാഴാഴ്ച: 60.51 മീറ്റർ. (സ്റ്റോറേജ്:53.30ദശലക്ഷം ഘനമീറ്റർ)

24 മണിക്കൂറിൽ ഉയർന്ന ജലനിരപ്പ്: മൂന്ന് മീറ്റർ.

വാഴാനി

ജലവിതാനം: 54.56 മീറ്റർ

സംഭരണശേഷിയുടെ 47.90 ശതമാനം

വ്യാഴാഴ്ച:52.44 മീറ്റർ

ഇന്നും നാളെയും ഓറഞ്ച് അലർട്ട്

ഇന്നലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ, ഇന്നും നാളെയും ഓറഞ്ച് അലർട്ട്. അതിതീവ്രമഴയ്ക്കുള്ള (24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ കൂടുതൽ മഴ) സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യത വർദ്ധിക്കും.

ശ്രദ്ധിക്കാൻ

പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

പാലങ്ങളിലും, നദിക്കരയിലും കയറി സെൽഫി എടുക്കരുത്.

പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങരുത്.

കുട്ടികൾ വെളളത്തിൽ ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ചാലക്കുടിയിൽ 220 മി. മീറ്റർ

വ്യാഴാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ 8.30ന് വരെ ചാലക്കുടിയിൽ പെയ്തത് 220 മി. മീറ്റർ മഴ. ജില്ലയിലെ ഉയർന്ന മഴയാണിത്.

കൊടുങ്ങല്ലൂർ : 185 മി.മീറ്റർ

വടക്കാഞ്ചേരി: 177 മി.മീറ്റർ

ഏനാമാക്കൽ: 107 മി.മീറ്റർ

ജൂൺ ഒന്നു മുതൽ ആഗസ്റ്റ് ഒമ്പതുവരെ ജില്ലയിലെ മഴ : 1324 മി.മീ

കിട്ടേണ്ടിയിരുന്നത്: 1667 മി.മീ

കുറവ് : 21 ശതമാനം മാത്രം