മാള: ഓണത്തിന്റെ പ്രതീക്ഷകൾ വീണ്ടും വെള്ളത്തിലായതിന്റെ നിരാശയിൽ കർഷകർ. കോൾക്കുന്നിൽ കൈലാൻ ചന്ദ്രൻ, തൂപ്രത്ത് സുനിൽകുമാർ എന്നിവർ ചേർന്ന് കൃഷി ചെയ്ത ഓണത്തിന് വിളവെടുക്കാവുന്ന 1500 ഏത്തവാഴകളാണ് പെരുമഴയിൽ വെള്ളത്തിലായത്.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കൃഷി നശിച്ചിരുന്നു. വാഴ കൂടാതെ വെണ്ട, പയർ, വഴുതന, മുളക്, കുക്കുമ്മർ, കൂർക്ക തുടങ്ങിയ വിളകളാണ് വെള്ളത്തിൽ മുങ്ങിയത്. മൂന്ന് ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്താണ് ഇരുവരും കൃഷി ചെയ്തിട്ടുള്ളത്.
അഷ്ടമിച്ചിറ സ്വദേശി കെ.എസ്.സിനോജിന്റെ ഓണത്തിന് വിളവെടുക്കാവുന്ന കൃഷി പൂർണമായി വെള്ളത്തിലായി. വെണ്ട , തക്കാളി, മുളക്, വഴുതന തുടങ്ങിയ കൃഷികളാണ് വെള്ളത്തിലായിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തിൽ സിനോജിന്റെ രണ്ടായിരം ഏത്തവാഴകളാണ് വെള്ളം കയറി നശിച്ചത്. അന്നത്തെ നഷ്ടത്തിൽ നിന്ന് കരകയറാൻ ബാങ്ക് വായ്പ്പയെടുത്താണ് ഇത്തവണ കൃഷിയിറക്കിയിട്ടുള്ളത്.