vellapokkam
.എരുമപ്പെട്ടി ദുരിതാശ്വാസ ക്യാംപിൽ മന്ത്രി എ.സി മൊയ്തീൻ സന്ദർശിക്കുന്നു

എരുമപ്പെട്ടി: പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് എരുമപ്പെട്ടിയിൽ വെള്ളപൊക്കം. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്റെ ഉൾപ്പെടെ 17 കുടുംബങ്ങളെ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കുട്ടികൾ ഉൾപ്പെടെ 54 പേരാണ് ക്യാമ്പിലുള്ളത്.

എരുമപ്പെട്ടി, നെല്ലുവായ്, കോട്ടപ്പുറം, തയ്യൂർ, കുണ്ടന്നൂർ പ്രദേശങ്ങളിലാണ് വെള്ളപൊക്കം രൂക്ഷമായിട്ടുള്ളത്. കോട്ടപ്പുറത്തെ മൂന്ന് കുടുംബങ്ങളെയും, വേലൂർ പഞ്ചായത്തിലെ തയ്യൂർ പുഴയോരത്തുള്ള 17 വീട്ടുകാരെയും മാറ്റി പാർപ്പിച്ചു. എരുമപ്പെട്ടി നെല്ലുവായ് കുണ്ടന്നൂർ പ്രദേശങ്ങളിൽ റോഡ് വെള്ളത്തിനടിയിലായതിനെ തുടർന്ന് കുന്നംകുളം വടക്കാഞ്ചേരി റോഡിൽ ബസ് സർവീസ് ഉൾപ്പെടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.

എരുമപ്പെട്ടി ആലുക്കൽ ചിറ പാലത്തിന് മുകളിലൂടെ പുഴ ഒഴുകുന്നതിനെ തുടർന്ന് എരുമപ്പെട്ടി വേലൂർ റോഡിലെ കാൽനട സഞ്ചാരവും വാഹന ഗതാഗതവും തടസപ്പെട്ടു. മുട്ടിക്കൽ വെട്ടിക്കൽ ചിറ പാലവും വെള്ളത്തിനടിയിലായി. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി കാലുകൾ തകർന്ന് പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

എരുമപ്പെട്ടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രി എ.സി. മൊയ്തീൻ സന്ദർശനം നടത്തി. ക്യാമ്പിൽ ആവശ്യമായ സൗകര് ഒരുക്കാൻ മന്ത്രി നിർദേശം നൽകി. എരുമപ്പെട്ടി പഞ്ചായത്തിന്റെയും വില്ലേജ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ക്യാമ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗത്തിന്റെ സേവനവും ക്യാമ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ട് ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പ് സർക്കാർ നടത്തിയിട്ടുണ്ടെന്നും രക്ഷാദൗത്യങ്ങൾക്കായി റവന്യു, പൊലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളെ സജ്ജരാക്കിയിട്ടുണ്ടെന്നും മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.