കയ്പമംഗലം: രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ തീരദേശം മുങ്ങി. നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിന് അടിയിലായത്.
ഇന്നലെ രാത്രി മുതലാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായത്. എടത്തിരുത്തി പഞ്ചായത്തിലെ കോഴിത്തുമ്പ്, സിറാജ് നഗർ, കനാൽ പരിസരം, അയ്യൻപ്പടി കോളനി, തലാപുരം, മണ്ഡലാക്കൽ, പൈനൂർ, പല്ല, എസ്.എൻ. വിദ്യാഭവൻ പരിസരം, കണ്ണനാംകുളം ക്ഷേത്ര പരിസരം, ചെന്ത്രാപ്പിന്നി ഈസ്റ്റ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.
എടത്തിരുത്തിയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചാമക്കാല സ്‌കൂൾ, പൈനൂർ എൻ.എൽ.പി സ്‌കൂൾ, എടത്തിരുത്തി ആർ.സി.യു.പി.സ്‌കൂൾ, പുളിഞ്ചോട് എസ്.എൻ.വി.എൽ. പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ചെന്ത്രാപ്പിന്നിയിൽ തോടുകൾ കവിഞ്ഞൊഴുകി ദേശീയപാതയിലൂടെ ഒഴുകുകയാണ്. പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
കയ്പ്പമംഗലം പഞ്ചായത്തിൽ കൂരിക്കുഴി സലഫി സെന്ററിന് വടക്ക് പൂർണമായും വെള്ളത്തിലാണ്. വീടുകളിലുള്ളവരെ പൊലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഗ്രാമലക്ഷ്മി ഭാഗത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാളമുറി ചളിങ്ങാട് റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. കൊപ്രക്കളം പടിഞ്ഞാറ് നിരവധി വീടുകൾ വെള്ളത്തിലാണ്. വഴിയമ്പലം പടിഞ്ഞാട്ടുള്ള റോഡിലും കിഴക്കോട്ടുള്ള റോഡിലും വെള്ളക്കെട്ടിലാണ്.
കയ്പ്പമംഗലം പഞ്ചായത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കയ്പ്പമംഗലം കമ്മ്യൂണിറ്റി ഹാൾ, ക്ഷേമോദയം സ്‌കൂൾ, കൂരിക്കുഴി മദ്രസ, പുത്തൻപള്ളി മദ്രസ എന്നിവിടങ്ങളിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. കയ്പ്പമംഗലം ഗ്രാമലക്ഷ്മിയിൽ 33 കെ.വി ലൈൻ പോകുന്ന ടവർ മറിഞ്ഞു വീണതിനെ തുടർന്ന് വൈദ്യുതി നിലച്ചിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യുതിയില്ലാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തിക്കന്നത്. പെരിഞ്ഞനം പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പെരിഞ്ഞനം ഗവ.യു.പി സ്‌കൂളിലും ,ഈസ്റ്റ് യു.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.