തൃശൂർ : നാടാകെ ഭയപ്പാടിലാണ്, കഴിഞ്ഞ വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമെന്ന ഭയത്തിലാണ് എല്ലാവരും. കഴിഞ്ഞ രണ്ട് ദിവസമായി മഴ തകർത്ത് പെയ്തതോടെ ജനം പുറത്തിറങ്ങുന്നില്ല. പലരും യാത്രകൾ ഒഴിവാക്കി തുടങ്ങി. സ്വകാര്യ ബസുകളിൽ വരെ യാത്രക്കാർ കുറവായിരുന്നു. നഗരത്തിൽ തിരക്ക് കുറവായിരുന്നു. സ്വകാര്യ വാഹനങ്ങൾ പോലും അധികം നിരത്തിലിറക്കാതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് നൂറുക്കണക്കിന് വാഹനങ്ങളാണ് റോഡുകളിൽ പാർക്ക് ചെയ്യുന്നതിനിടെ വെള്ളത്തിൽ മുങ്ങിയത്. വ്യാപാര സ്ഥാപനങ്ങളെല്ലാം തന്നെ പലരും രാത്രിയാകുന്നതിന് മുമ്പ് അടച്ചു.
ആവശ്യ സാധനങ്ങൾ സംഭരിച്ച് തുടങ്ങി
പ്രളയ ഭീതി വന്നതോടെ നാട്ടിൻ പുറങ്ങളിലടക്കം അവശ്യ സാധനങ്ങൾ വാങ്ങി സംഭരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. പലവ്യഞ്ജന സാധനങ്ങളാണ് പലരും വാങ്ങി വയ്ക്കുന്നത്.
പെട്രോൾ പമ്പുകളിൽ വൻ തിരക്ക്
കഴിഞ്ഞ വർഷം പ്രെട്രോൾ ലഭിക്കാതെ വലഞ്ഞത് ആവർത്തിക്കാതിരിക്കാൻ വാഹന ഉടമകൾ പെട്രോൾ നിറയ്ക്കാൻ നെട്ടോട്ടം തുടങ്ങി. ഇന്നലെ രാവിലെ മുതൽ ജില്ലയിലെ ഭൂരിഭാഗം പ്രെട്രോൾ പമ്പുകളിലും വൻതിരക്കായിരുന്നു. വാഹനങ്ങളിൽ ഫുൾ ടാങ്ക് നിറച്ചതിന് പിന്നാലെ കന്നാസുകളിലും വാങ്ങുന്നുണ്ട്. അതേസമയം പെട്രോളിന് നിലവിൽ ക്ഷാമമില്ലെന്ന് പമ്പുടമകൾ പറഞ്ഞു. ഗതാഗതം സ്തംഭിച്ചാൽ ക്ഷാമം നേരിട്ടേക്കും.
കെ.എസ്.ആർ.ടി.സി
വെള്ളക്കെട്ട് മൂലം ജില്ലയിൽ പലയിടത്തും ഗതാഗതം സ്തംഭിച്ചു. 72ൽ 67 എണ്ണം മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയത്. ചുരം ഇടിഞ്ഞതിനാൽ സുൽത്താൻ ബത്തേരി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ, നാടുകാണി മേഖലകളിലേക്കുള്ള സർവീസുകളാണ് നിറുത്തിവെച്ചത്. എന്നാൽ കോഴിക്കോട് ഭാഗത്തേക്ക് അധിക സർവീസ് നടത്തുന്നുണ്ട്.
ട്രെയിൻ ഗതാഗതം നിലച്ചു
പാലക്കാട് ജില്ലയിൽ വിവിധ മേഖലകളിൽ ട്രാക്കിൽ മണ്ണിടിച്ചിലും വെള്ളം കയറിയതും മൂലം വടക്കോട്ടുള്ള ട്രെയിൻ ഗതാഗതം നിലച്ചു. ഇതുമൂലം പാലക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതമാണ് തടസപ്പെട്ടത്. ഷൊർണൂർ, കോഴിക്കോട്, ഒറ്റപ്പാലം, പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകളാണ് 11ന് ശേഷം നിറുത്തിവെച്ചത്. ഷൊർണൂർ, നിലമ്പൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഉച്ചയ്ക്ക് ശേഷം ഓടിയില്ല. വേണാട്, ഏറനാട് ട്രെയിനുകൾ തൃശൂരിൽ സർവീസ് അവസാനിപ്പിച്ചു. ബംഗളൂരു ഇന്റർസിറ്റി ട്രെയിൻ മങ്കരയിൽ സർവീസ് അവസാനിപ്പിച്ചു. ജോലിക്കാർക്ക് തിരിച്ചു വീട്ടിൽ എത്തുന്നതിനായി എറണാകുളം ഷൊർണൂർ മെമു, എറണാകുളം ഷൊർണൂർ പാസഞ്ചർ എന്നിവ വടക്കാഞ്ചേരി വരെ സർവീസ് നടത്തി. വേണാട് എക്‌സ്പ്രസ് തെക്കോട്ട് കോട്ടയം വരെയും സർവീസ് നടത്തി.