ചാലക്കുടി: കലി തുള്ളിയ കാലവർഷത്തിൽ ഭയന്നുവിറച്ച് ചാലക്കുടി. പുഴ കടന്നു പോകുന്ന താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും ഇന്നലെ പുലർച്ച വെള്ളം കയറി. ചാലക്കുടി താലൂക്കിൽ 1,400 വീടുകളിൽ നിന്നായി 5,000ഓളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പിള്ളി ഡ്രീം വേൾഡ് ജംഗ്ഷൻ, കൂടപ്പുഴ പള്ളിപ്പുറം റോഡ്, മേലൂരിലെ എടത്രക്കാവ് ക്ഷേത്രം, വെള്ളാഞ്ചിറ, കാടുകുറ്റി പഞ്ചായത്തിലെ അമ്പഴക്കാട്, വളവനങ്ങാടി, വൈന്തല, വാളൂർ, ആറങ്ങാലി, കൊരട്ടിയിലെ ചെറുവാളൂർ, വെസ്റ്റ് കൊരട്ടി എന്നിവിടങ്ങളിൽ മലവെള്ളമെത്തി ഗതാഗതം തടസപ്പെട്ടു. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും വൈകീട്ടോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ചാലക്കുടി നഗരസഭ പരിധിയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 722 പേരുണ്ട്. പരിയാരം സെന്റ് ജോർജ്ജ് സ്‌കൂളിൽ തുറന്ന ക്യാമ്പിൽ മംഗലം കോളനിയിൽ നിന്നുള്ള 18 കുടുംബങ്ങളാണ്. കോട്ടാറ്റ് സ്‌കൂളിലും ക്യാമ്പ് തുറന്നു. കൂടപ്പുഴ സമാജം ഹാളിലും താത്കാലികമായി ആറ് പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മേലൂരിലെ ശാന്തി നഗരത്തിലെ എളമ്പ്ര, എരുമത്തടം കോളനികളിലെ 110 വീടുകളിൽ നിന്നുള്ളവരെ കല്ലൂത്തി സെന്റ് ജോൺ സ്‌കൂളിലേക്കും മാറ്റി. അന്നനാട്, അമ്പഴക്കാട്, കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലും ക്യാമ്പുകൾ ആരംഭിച്ചു. ഇവിടെ 290 പേരെ പാർപ്പിക്കുന്നു.