മാള: ചെത്തിക്കോട്ടുകാർക്ക് രക്ഷകരായി വിളിപ്പാട് അകലെ വള്ളവുമായി ദിബീഷും മനോജും തുഴയെറിഞ്ഞു. കുഴൂർ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമം കനത്ത മഴവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളത്താൽ ചുറ്റപ്പെട്ട ചെത്തിക്കോട്ടുകാർക്ക് മറുകരയെത്താൻ ഏക ആശ്രയം ദിബീഷിന്റെ വള്ളമാണ്. ചെത്തിക്കോട്ടുകാർക്ക് മറുകരയെത്താൻ വേണ്ടി രണ്ട് വള്ളം വാങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയായ ദിബീഷിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ രണ്ട് വള്ളങ്ങളിൽ ഒരെണ്ണം തിരുത്തയിലേക്ക് രക്ഷാപ്രവർത്തനത്തിനായി വിട്ടുകൊടുത്തു.
കഴിഞ്ഞ ദിവസം രാവിലെയോടെ പ്രദേശത്തെ 15 വീടുകളിലേക്ക് വെള്ളം കയറി. വെള്ളം കയറിയപ്പോൾ തന്നെ ദിബീഷും മനോജും വള്ളമിറക്കി തുഴയെറിഞ്ഞു. രാവിലെ മുതൽ വൈകീട്ട് ഏഴ് വരെ ഇടതടവില്ലാതെയുള്ള പ്രവർത്തനത്തിലൂടെ ഇരുവരും ചേർന്ന് 75 ൽ അധികം പേരെയാണ് മറുകരയിലെത്തിച്ചത്. ഇതിനായി അഞ്ഞൂറ് മീറ്ററോളം തുഴഞ്ഞു. ആളുകളെ മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സാധനങ്ങളും വള്ളത്തിൽ കരയിലെത്തിച്ചു. പ്രായമായവരും കുട്ടികളും സ്ത്രീകളുമാണ് ആദ്യം കര പറ്റിയത്. തിരുമുക്കുളത്തെ കരയിലെത്തിയ നിരവധി പേർ റോഡ് മാർഗം ബന്ധുക്കളുടെ വീടുകളിലേക്കാണ് പോയത്. ശേഷിക്കുന്നവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. ചെത്തിക്കോട്ടുകാരെ കരയിലെത്തിക്കാൻ ഇവർ വാങ്ങിയ വള്ളങ്ങളുടെ യഥാർത്ഥ വിലയറിഞ്ഞത് ഇപ്പോഴാണ്.