പുതുക്കാട്: കുറുമാലി പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്ററിലും മാഞ്ഞാംകുഴി റഗുലേറ്ററിലും ഒഴുകി എത്തിയ മരങ്ങൾ ഒഴുക്കിനെ തടസപെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അധികൃതർ ഇത് മാറ്റിയതോടെ ഒഴുക്ക് ശക്തിയായി. വ്യാഴാഴ്ച വൈകീട്ട് എച്ചിപ്പാറയിലും കാരിക്കാവിലും വനത്തിൽ ഉരുൾപെട്ടലുണ്ടായതിനെ തുടർന്ന് കുറുമാലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നു. വരന്തരപ്പിള്ളി ചിമ്മിനി ഡാം റോഡിൽ ഗതാഗതം തടസപെട്ടു. പുതുക്കാട് അശോക റോഡിൽ വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ അഞ്ചു വീട്ടുകാരെ മാറ്റി പാർപ്പിച്ചു. തെക്കെ തൊറവ് പള്ളത്തും പുഴ കരകവിഞ്ഞു. മുപ്ലിയം റോഡിൽ മറവാഞ്ചേരിയിലും രണ്ടാംകല്ലിലും റോഡിലേക്ക് വെള്ളം കയറി. പാഴായി ഊരകം റോഡിലേക്കും വെള്ളം കയറി. രാപ്പാൾ പള്ളം, മുളങ്ങ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലൂർ ആദൂരിലും ആമ്പല്ലൂർ പാംബ്രീസ് ക്ലബ് റോഡിലും കല്ലുർ പള്ളംകോളനിയിലും വെള്ളം കയറി. അളഗപ്പനഗർ പഞ്ചായത്തിലെ എരിപ്പോട്, ചുങ്കം, വട്ടണാത്ര, വില്ലേജ് ക്വാർട്ട് റോഡ് എന്നിവിടങ്ങളിൽ 25 വീടുകളിൽ വെള്ളം കയറി. ഇവരെ അളഗപ്പനഗർ പഞ്ചായത്ത് സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.