mary
ദുരിതാശ്വാസ ക്യാമ്പിൽ ചെറുമകൻ ബെന്നിക്കൊപ്പം അമ്മ മേരി

മഹാപ്രളയത്തിന്റെ നടുക്കത്തിൽ 85കാരി

ചാലക്കുടി: ''എന്റെ മോനെ വിട്ട് എങ്ങോട്ടുമില്ല. എവിടെപ്പോയാലും കൂടെ ഞാനുമുണ്ടാവും.'' ഇളയ മകൻ ബെന്നി എത്ര പറഞ്ഞിട്ടും പ്രായം 85 കഴിഞ്ഞ അമ്മ മേരിയുടെ തീരുമാനത്തിൽ മാറ്റമില്ല. കോരിച്ചൊരിയുന്ന മഴയായാലും കിടക്കാൻ ഒരു പായക്കഷണമായാലും അവന്റെ കൂടെ താനും ഉണ്ടാകുമെന്ന വാശിയിലാണ് മേരി. കഴിഞ്ഞ പ്രളയ കാലത്ത് ഇളയ മകനെയും കുടുംബത്തെയും വിട്ട് മൂത്തമകന്റെ വീട്ടിൽ കഴിയുമ്പോൾ ടി.വിയിൽ കണ്ട ദുരന്തക്കാഴ്ചകളുടെ ഓർമ്മകളിലാണ് മേരി. വീണ്ടുമൊരു ദുരന്തത്തിലേക്ക് അവനെ ഒറ്റയ്ക്ക് വിട്ടുകൊടുക്കില്ലെന്നാണ് മേരിയുടെ നിലപാട്. ഒടുവിൽ, നിർബന്ധത്തിന് വഴങ്ങി ചാലക്കുടി ഗവ. പനമ്പിള്ളി സ്മാരക കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നലെ മേരിയെയും ബെന്നി കൂടെ കൂട്ടി.
കഴിഞ്ഞ പ്രളയത്തിന് ശേഷം ബെന്നിയുടെ വീട്ടിലെത്തിപ്പോൾ വല്ലാത്ത ആധിയായിരുന്നു മേരിക്ക്. ദുരിതവും വീടിന്റെ അവസ്ഥയും മേരിയുടെ ശരീരത്തിന്റെ ഒരു ഭാഗം തളർത്തി. ആഴ്ചകളോളം ആശുപത്രി വാസം. മരുന്നും ചികിത്സയും മുടങ്ങാതെയുണ്ട്. ഇതിനാലാണ് ഇന്നലെ അമ്മയെ ക്യാമ്പിലേക്ക് കൊണ്ടു പോകാൻ ബെന്നി മടിച്ചത്.
ചാലക്കുടി പുഴയോരത്താണ് വെട്ടുകടവ് പെരേപ്പാടൻ വീട്ടിൽ ബെന്നിയും കുടുംബവും താമസിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടോടെ പുഴയിൽ വെള്ളം കയറാൻ തുടങ്ങിയതിനാൽ ഉറങ്ങിയില്ല. രാത്രി ഭക്ഷണം പോലും തയ്യാറാക്കാതെ വീട്ടു സാധനങ്ങൾ ഓരോന്നായി തൊട്ടടുത്ത് ഉയർന്ന പ്രദേശത്തുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിച്ചു. രണ്ട് മണിയോടെ വീടിന്റെ അകത്തേക്ക് വെള്ളം കയറിത്തുടങ്ങി. ഇനിയും കാത്തിരിക്കുന്നത് അപകടമാണെന്ന് മനസിലാക്കിയതോടെ ഭാര്യ നിഷ, മകൻ സ്‌റ്റെഫിൻ, അമ്മ മേരി എന്നിവരെ കൂട്ടി ബെന്നി വീടു വിട്ടു. കൂട്ടുകാരന്റെ വീട്ടിൽ രാവിലെ വരെ കഴിഞ്ഞു. ക്യാമ്പ് തുറന്നതറിഞ്ഞ് രാവിലെ പനമ്പിള്ളി സ്മാരക കോളേജിൽ എത്തിയെങ്കിലും ആരെയും കാണാത്തതിനാൽ മടങ്ങിപ്പോയി.

ഇടയ്ക്ക് വീട്ടിലെത്തിയപ്പോൾ ജനൽപ്പടി വരെ വെള്ളം കയറി. കുടുംബവുമായി വീണ്ടും ക്യാമ്പിലെത്തിയപ്പോൾ ഉച്ച ഭക്ഷണം കഴിഞ്ഞിരുന്നു. അതുവരെ ബെന്നിയും കുടുംബവും കഴിച്ചത് രണ്ടു കഷണം ബ്രഡ് മാത്രം. പകുതി വാർപ്പും ബാക്കി ഷീറ്റും പതിച്ച ബെന്നിയുടെ വീട് കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഭാഗികമായി നശിച്ചിരുന്നു. 70,000 രൂപയാണ് ആകെ ലഭിച്ച നഷ്ടപരിഹാരം. ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് കണക്കുകൂട്ടലുകൾ തെറ്റിച്ച് പേമാരി പിന്നെയും എത്തിയത്‌