തൃശൂർ: കേരളത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യതാമേഖലകൾ വർദ്ധിക്കുന്നതായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (ജി.എസ്.ഐ) റിപ്പോർട്ട് പുറത്തുവന്നെങ്കിലും അതിൽ കൂടുതൽ സാദ്ധ്യതയുളള താലൂക്കുകൾ ജില്ലയിൽ ഇല്ല എന്നത് ആശ്വാസം പകരുന്നു. അതേസമയം, കനത്തമഴ തുടരുന്നതും പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിൽ പകുതിയിലേറെ വെളളം നിറഞ്ഞതും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 1943 സ്ഥലങ്ങളിൽ നടത്തിയ പഠനത്തിന്റെ ജി.എസ്.ഐ പ്രാഥമിക റിപ്പോർട്ടിലാണ് ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളുള്ളത്. നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണ് ഉരുൾപൊട്ടലിന് കൂടുതൽ സാദ്ധ്യത. സോയിൽ പൈപ്പിംഗ് സാദ്ധ്യതാമേഖലകളായി വിവിധ ജില്ലകളിലെ 14 താലൂക്കുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിലും തൃശൂരില്ല. അതേസമയം, കഴിഞ്ഞപ്രളയകാലത്തെ ഉരുൾപൊട്ടൽ മേഖലയിലെ മണ്ണു പൂർണമായും ഉറയ്ക്കാത്തതിനാൽ അപകടസാദ്ധ്യത കൂടുതലാണെന്നും പറയുന്നു. കുറാഞ്ചേരിയിലായിരുന്നു കഴിഞ്ഞ പ്രളയത്തിൽ വൻ ഉരുൾപൊട്ടലുണ്ടായത്.
ഡാമുകൾ നിറഞ്ഞാൽ സ്ഥിതി ഗുരുതരമാകുമെന്ന് തന്നെയാണ് അനൗദ്യോഗിക വിശദീകരണം. കഴിഞ്ഞവർഷം ചാലക്കുടി ഉൾപ്പെടുന്ന മലയോര മേഖലയും കൊടുങ്ങല്ലൂർ, വാടാനപ്പിള്ളി തുടങ്ങിയ തീരമേഖലയും മാള, അന്നമനട തുടങ്ങിയ പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇത് ഡാമുകൾ തുറന്നു വിട്ടതിനാലാണെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ ഈ പ്രദേശങ്ങളെല്ലാം മഴ ശക്തമായപ്പോൾ മുതൽ വെള്ളക്കെട്ടിലാണ്. പൊരിങ്ങൽക്കുത്ത് ഡാം മാത്രമാണ് തുറന്നിട്ടുളളത്. പീച്ചി, ചിമ്മിനി, വാഴാനി ഡാമുകൾ ഉടനെ തുറന്നുവിടേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കിയിരുന്നു.
ഉരുൾപൊട്ടലിൻ്റെ വഴികൾ
കനത്ത മഴയിൽ ഭൂഗർഭ ജലത്തിന്റെ അളവു കൂടും.
മണ്ണിനടിയിൽ മർദ്ദം വർദ്ധിക്കും.
വെള്ളം പുറത്തേക്കു ശക്തിയിൽ കുതിച്ചൊഴുകും.
ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും.
സാദ്ധ്യത 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിൽ.
മുൻകരുതൽ:
നീർച്ചാലുകൾ വൃത്തിയാക്കണം.
മലയടിവാരത്തിലെ തോടുകൾ ആഴം കൂട്ടണം.
മണ്ണിടിക്കരുത്, പാറകൾ പൊട്ടിക്കരുത്.
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ ജാഗ്രതവേണം
രൂപം മാറിയ മഴ
ഒരു ദിവസം പെയ്യാറുളള പത്ത് സെ.മീ മഴ രണ്ടു മണിക്കൂറിൽ.
മൂന്ന് മാസം പെയ്യുന്നത് ഒരാഴ്ചയിൽ
ഇത്തരം മഴ വഴിയൊരുക്കുന്നതിന് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും.
ഇന്നലത്തെ മഴ:
വടക്കാഞ്ചേരി :101മി.മീ
വെളളാനിക്കര :78 മി.മീ
കുന്നംകുളം :77 മി.മീ
ഏനാമാക്കൽ:43 മി.മീ
ചാലക്കുടി : 38 മി.മീ
മൊത്തം കാലവർഷം: 1372 മി.മീ
കിട്ടേണ്ടത് : 1685 മി.മീ
കുറവ് :19 ശതമാനം