തൃപ്രയാർ: നിറുത്താതെ പെയ്യുന്ന മഴയിൽ തീരദേശ പഞ്ചായത്തുകളിൽ കനത്ത വെള്ളക്കെട്ട്. വലപ്പാട്, നാട്ടിക, വാടാനപ്പിള്ളി, തളിക്കുളം, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് പഞ്ചായത്തുകളും സന്നദ്ധസംഘനകളും സഹായമെത്തിച്ചു നൽകുന്നു. ദേശീയപാത വലപ്പാട് ചന്തപ്പടി മുതൽ കുരിശുപള്ളി വരെ തകർന്നു. തൃപ്രയാർ ജംഗ്ഷന് വടക്കുവശത്തും ബസ് സ്റ്റാൻഡിന് സമീപത്തും വെള്ളം കയറി. ക്ഷേത്രം റോഡിലും വെള്ളം കയറി. വെള്ളം കയറിയതിനെ തുടർന്ന് ജംഗ്ഷന് വടക്കുഭാഗത്തെ എതാനും കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടു. ഗതാഗതക്കുരുക്കും രൂക്ഷമായി. തൃപ്രയാർ സൗത്ത് എസ്.എൻ.ഡി.പി എൽ.പി സ്കൂൾ വെള്ളത്തിൽ മുങ്ങി. റോഡാകെ വൻ ഗർത്തമായി. ഇതുമൂലം ഗതാഗതക്കുരുക്ക് തുടരുന്നു. നാട്ടിക കോട്ടൻ മില്ലിന് മുന്നിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ വടക്കൂട്ട് രവീന്ദ്രൻ മകൻ ജിതിനെ (17) തൃത്തല്ലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിക പഞ്ചായത്തിലെ വാഴക്കുളം ക്ഷേത്ര പരിസരം, നാരായണ മേനോൻ റോഡ്, തട്ടുപറമ്പിൽ, ചെമ്പിപ്പറമ്പിൽ ക്ഷേത്രം റോഡ്, തിരുനിലം കോളനി, പോളിടെക്നിക്കിന് പടിഞ്ഞാറുവശം എന്നിവിടങ്ങളിൽ വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൂടുതൽ പേരെ തൃപ്രയാർ പോളിടെക്നിക്കിലെ ക്യാമ്പിലേക്ക് മാറ്റുന്നുണ്ട്. വാടാനപ്പിള്ളി പഞ്ചായത്തിൽ തൃത്തല്ലൂർ കമലാനെഹ്റു സ്കൂൾ, അൽനൂർ ഐ.ടി.ഐ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങി.