ഒല്ലൂർ: മരത്താക്കര പുഴമ്പള്ളം മേഖലയിൽ 60 ഓളം വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശമായതുകൊണ്ട് മറ്റു പല മേഖലകളിൽ നിന്നും ഒഴുകിവരുന്ന വെള്ളമാണ് വെള്ളക്കെട്ടുണ്ടാക്കുന്നത്. ഇതേത്തുടർന്ന് മരത്താക്കര സ്‌കൂൾ, കുട്ടനെല്ലൂർ എന്നിവിടങ്ങളിൽ ക്യാമ്പ് തുറന്നു. വെള്ളക്കെട്ടുമൂലം പ്രായമായവരും മറ്റും ബന്ധുവീടുകളിലേക്ക് താമസം മാറി. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന നടത്തറ പഞ്ചായത്തിലെ വലക്കാവിലും ക്യാമ്പ് തുടങ്ങി. വലക്കാവ് സ്‌കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. മണ്ണുത്തി, പട്ടിക്കാട് സെന്ററുകൾ ഇപ്പോഴും കനത്ത വെള്ളക്കെട്ടാണ്. താണിക്കുടം മേഖലയിലെ ബീഥാനി, മേപ്പാടം, അക്കരപ്പുറം എന്നിവിടങ്ങളിലെ 17 വീടുകളിൽ വെള്ളം കയറി. ഈ വീട്ടുകാരെ പൊങ്ങണംകാട് സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. ചീഫ് വിപ് കെ. രാജൻ എം.എൽ.എ ക്യാമ്പ് സന്ദർശനം നടത്തി. പീച്ചി ഡാമിൽ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമാണ് ഉള്ളൂവെന്ന് എം.എൽ.എ അറിയിച്ചു.