പുതുക്കാട്: വെള്ളക്കെട്ട് ഒഴിവാക്കാൻ കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്ററിലേക്ക് പോയിരുന്ന ഫയർ ആൻഡ് റസ്‌ക്യു സർവീസിന്റെ വാഹനം കാനയിൽ ചാടി. റെയിൽവേ സ്റ്റേഷൻ റോഡിൽ പള്ളിക്ക് വടക്കുവശത്ത് എതിർ ദിശയിൽ വന്ന ജീപ്പിന് കടന്നുപോകാൻ റോഡിന്റെ വശത്തേക്ക് ഒതുക്കിയ വാഹനത്തിന്റെ ടയറുകൾ കാനയിൽ ചാടുകയായിരുന്നു. തുടർന്ന് ഒരു വശത്തേക്ക് ചരിഞ്ഞ് പള്ളിയുടെ മതിലിൽ ചാരിനിൽക്കുകയായിരുന്നു.
വാഹനത്തിലെ വെള്ളം തുറന്നുകളഞ്ഞ ശേഷം ക്രെയിൻ ഉപയോഗിച്ച് വാഹനം വലിച്ചു കയറ്റി. റെയിൽവേ സ്റ്റേഷൻ റോഡിലെ കൈയേറ്റം ഒഴിപ്പിച്ച് റോഡ് വീതി കൂട്ടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മനുഷ്യാവകാശ കമ്മിഷൻ വരെ ഇടപെട്ടിട്ടും റോഡ് അളന്ന് കൈയേറ്റം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. എറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ റോഡിൽ ജംഗ്ഷൻ മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയാണ് റോഡിന് വീതി ഇല്ലാത്തത്.