എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിൽ വെള്ളപൊക്കം രൂക്ഷമാകുന്നു. വെള്ളക്കെട്ടിൽ അകപ്പെട്ട കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിലായി 95 കുംടുംബങ്ങളെയാണ് മാറ്റിയിട്ടുള്ളത്. എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായിൽ 9 കുടുംബങ്ങളേയും, കോട്ടപ്പുറത്ത് 4 കുടുംബങ്ങളേയും, കുണ്ടന്നൂരിൽ 7 കുടുംബങ്ങളേയുമാണ് മാറ്റി പാർപ്പിച്ചത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 17 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ, പുലിയന്നൂർ, തയ്യൂർ പ്രദേശങ്ങളിലും വെള്ളപ്പൊക്കം അതിരൂക്ഷമാണ്. തയ്യൂരിൽ നിന്നും 35 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. എട്ട് കുടുംബങ്ങളെ തയ്യൂർ അംഗൻവാടിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവർ ബന്ധു വീടുകളിലാണ് കഴിയുന്നത്. പാത്രമംഗലം പുഴ ഗതി മാറി ഒഴുകുന്നതിനെ തുടർന്ന് വെള്ളാറ്റഞ്ഞൂർ, പുലിയന്നൂർ, കുറുവന്നൂർ മേഖലകളിൽ രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ നിന്നും 27 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. വേലൂർ കാഞ്ഞിരാൽ പ്രദേശത്ത് നിന്നും 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. എരുമപ്പെട്ടി നെല്ലുവായിൽ റോഡ് വെള്ളത്തിനടിയിലായതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കുന്നംകുളം - വടക്കാഞ്ചേരി റൂട്ടിലെ ബസ് സർവീസ് ഇന്നും നിറുത്തി വച്ചിരിക്കുകയാണ്. പാത്രമംഗലം പുലിയന്നൂരിൽ റോഡ് വെള്ളത്തിൽ മൂടിയതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു. എരുമപ്പെട്ടി തയ്യൂർ ആലുക്കൽ ചിറ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിനാൽ എരുമപ്പെട്ടി, വേലൂർ റോഡിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.