road-thazhvaram
താഴ്വാരം റോഡ് രണ്ടായി പിളർന്ന നിലയിൽ

മാള: ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് പൊയ്യ താഴ്‌വാരം റോഡ് രണ്ടായി പിളർന്നു. കഴിഞ്ഞ വർഷവും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ മണ്ണിടിച്ചിലാണ് ഇപ്രാവശ്യത്തേത്. സമീപത്ത് താമസിക്കുന്ന പാപ്പച്ചന്റെ കുടുംബത്തെ ഒഴിപ്പിച്ചു. പേര് സൂചിപ്പിക്കും പോലെ താഴ്‌വാരം പോലുള്ള സ്ഥലത്താണ് മണ്ണിടിഞ്ഞത്. താഴ്‌വാരത്ത് നിന്ന് നൂറ് അടിയോളം ഉയരത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. റോഡിന് താഴെ അടിവാരത്ത് കരിങ്കല്ല് കൊണ്ടുള്ള കെട്ട് തകർത്താണ് മണ്ണിടിഞ്ഞത്. ഇനിയും റോഡ് പൂർണമായും ഇടിയാൻ സാദ്ധ്യതയുണ്ടെന്ന് സമീപവാസിയായ സുബ്രഹ്മണ്യൻ പറഞ്ഞു. റോഡ് രണ്ടായി പിളർന്നതിനാൽ വലിയ അപകടാവസ്ഥയാണ്. മഴ ശക്തമായി ഇനിയും പെയ്താൽ റോഡിന്റെ വിള്ളലിലൂടെ വെള്ളം ഇറങ്ങി നൂറു മീറ്ററിലധികം റോഡ് അടക്കം ഇടിയാൻ സാദ്ധ്യതയേറെയാണ്. മണ്ണിടിച്ചുണ്ടാക്കിയ സ്ഥലമാണിത്. റോഡിന്റെ ഒരു വശം മതിൽ കെട്ടിയ ഭാഗം കല്ല് വെട്ടിയ സ്ഥലമാണ്. ഈ സ്ഥലത്ത് വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇവിടെ അശാസ്ത്രീയമായി മഴക്കുഴികൾ നിർമ്മിച്ചതായും പരിസരവാസികൾ പറയുന്നു. 12 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരെല്ലാം ഇപ്പോൾ സുരക്ഷിതരാണെങ്കിലും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മാള കൃഷ്ണൻകോട്ട സംസ്ഥാന പാതയ്ക്ക് സമീപമുള്ള മറ്റൊരു റോഡിൽ നൂറ് മീറ്റർ ദൂരത്തിലാണ് മണ്ണിടിഞ്ഞത്.