കൊടുങ്ങല്ലൂർ: കലി തുള്ളി തോരാമഴ തിമിർത്തെത്തിയതോടെ കൊടുങ്ങല്ലൂർ മേഖല പ്രളയ നാളുകളെ ഓർമ്മിപ്പിക്കും മട്ടിലായി. ഇതോടെ 34 ക്യാമ്പുകളിലായി രണ്ടായിരത്തോളം കുടുംബങ്ങളിൽ നിന്നുള്ള ആറായിരത്തി അഞ്ഞൂറോളം പേർ അഭയം തേടി. താലൂക്കിലെ മഹാഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിലായി. ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ നഗരത്തോട് ചേർന്ന ഭാഗവും കോതപറമ്പ് കാര റോഡിന്റെ ഏതാനും ഭാഗങ്ങളുമൊക്കെ വെള്ളത്തിലാണ്. അവശേഷിക്കുന്ന തോടുകളും കുളങ്ങളും നിറഞ്ഞ് കവിഞ്ഞ് തോടേത് റോഡേത് എന്ന് വ്യക്തമാകാത്ത വിധത്തിലായി. ഈ അവസ്ഥ കുടിവെള്ള സ്രോതസുകളെ മലീമസമാക്കാൻ കാരണമാകുമെന്ന ആശങ്കയും ഉയർത്തുന്നു. പ്രദേശത്താകമാനം ജലനിരപ്പ് ഉയർന്നിട്ടുള്ളത്. വെള്ളം കയറാത്ത അപൂർവം വീടുകളേ ഉള്ളൂ.
കന്നുകാലികളുൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ വെള്ളക്കെട്ടിന്റെ ദുരിതത്തിൽ നിന്നും രക്ഷിക്കാൻ ഇവയെ പോറ്റുന്നവർ മാർഗ്ഗം കാണാതെ നീറുകയാണ്. പെയ്ത്ത് വെള്ളം കൊണ്ടാണ് നാട് വെള്ളത്തിലായത്. ഇന്നലെ ഉച്ച വരെയുള്ള കണക്ക് പ്രകാരം പുതുതായി 12 ക്യാമ്പുകൾ കൂടി തുറന്നു. ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ ക്യാമ്പുകളായി മാറിയിട്ടുള്ള മുഴുവൻ സ്‌കൂളുകളിലും ഇന്നലെ മുതൽ അദ്ധ്യാപകരുടെയും സേവനം ഉറപ്പാക്കി.
പുതിയ 12 ക്യാമ്പുകൾ
മേത്തലയിൽ 3
പൊയ്യയിൽ 5
പുല്ലൂറ്റ് 2
ലോകമലേശ്വരത്ത് 1
അഴീക്കോട് 2
എടവിലങ്ങിൽ 2
എറിയാട് 3
കയ്പമംഗലം 4
പി. വെമ്പല്ലൂരിൽ 1
പാപ്പിനിവട്ടത്ത് 2
പെരിഞ്ഞനത്ത് 1
ശ്രീനാരായണപുരത്ത് 4 ..