ചാലക്കുടി: മലവെള്ളത്തിന്റെ ദുരിതക്കയത്തിലായി മേലൂരിലെ 42 കുടുംബങ്ങൾ. ശാന്തി നഗറിലെ ഡിവൈൻ ഡി പോൾ കോളനിയിലെ വീട്ടുകാരാണ് ഇക്കുറിയും നട്ടംതിരിയുന്നത്. കഴിഞ്ഞ പ്രളയത്തിൽ മൂന്നു വട്ടമായിരുന്നു വെള്ളപ്പൊക്കത്തെ തുടർന്ന് വീടൊഴിയേണ്ടി വന്നത്. ഇക്കുറിയും ഇതാവർത്തിച്ചതിന്റെ അങ്കലാപ്പിലാണ് പുഴത്തീരത്ത് താമസിക്കുന്നവർ. വ്യാഴാഴ്ച രാത്രിയോടെ കോളനിയിലേക്ക് വെള്ളമെത്തി. തുടർന്ന് ഓരോ മണിക്കൂറിലും വെള്ളം ഉയർന്നതോടെ വീട്ടുകാർ അപകടം മണത്തു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് ബിജു, ബ്ലോക്ക് പഞ്ചായത്തംഗം വി.ഡി തോമസ് എന്നിവർ സ്ഥലത്തെ വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇപ്പോൾ ഇവർ കഴിയുന്നത് കല്ലുത്തിയിലെ സെന്റ് ജോൺസ് സ്‌കൂളിലാണ്. വലിയ കെട്ടുറപ്പുള്ള വീടുകളല്ല, ഈ കോളനിയിലേത്. തുടർച്ചയായുള്ള മലവെള്ളപ്പാച്ചിൽ ഇവയുടെ സുരക്ഷയെ ബാധിച്ചുകഴിഞ്ഞു.