ചാലക്കുടി: അന്നനാട്ടില്‍ ഇപ്പോഴും ഇരുനൂറോളം വീടുകള്‍ വെള്ളത്തിനടിയില്‍. ചാത്തന്‍ചാല്‍, തൈക്കൂട്ടം വില്ലേജ് റോഡ് എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കാണ് മലവെള്ളത്തില്‍ നിന്നും ഇനിയും കരകയറാന്‍ കഴിയാത്തത്. തൈക്കൂട്ടം റോഡിലെ പാടശേഖരത്തില്‍ നിന്നുമെത്തിയ മലവെള്ളം നൂറിലധികം വീടുകളിലേക്ക് ഇരച്ചുകയറി. ഇതോടെ പൊലീസും റവന്യു വകുപ്പ് അധികൃതരും ചേര്‍ന്ന് ഇവരെ അന്നനാട് യൂണിയന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റി. പല വീടുകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. പലര്‍ക്കും വീട്ടുസാമഗ്രികളും നഷ്ടപ്പെട്ടു. പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡില്‍ ഇപ്പോഴും പതിനഞ്ചടിയോളം വെള്ളമുണ്ട്. ചാത്തന്‍ചാലിലേയും സ്ഥിതി മറിച്ചല്ല. ഇവിടെയും അറുപതിലധികം വീടുകളില്‍ വെള്ളം കയറി. കോള്‍ നിലമായതിനാല്‍ ചാത്തന്‍ പാടശേഖരത്തില്‍ നിന്നും പെട്ടന്ന് വെള്ളം ഇറങ്ങാനും സാദ്ധ്യതയില്ല.