തൃശൂർ: ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങളിൽ കഴിയുന്നവർ മുൻകരുതൽ എടുക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് ഹാളിൽ ചേർന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ കുറാഞ്ചേരിയിലും ദേശമംഗലത്തും ഉണ്ടായ അനുഭവ പശ്ചാത്തലം മറക്കരുത്. ചില ഷട്ടറുകൾ തുറക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. വകുപ്പ് മന്ത്രിയുടെ കൃത്യമായ നിർദേശം ഉണ്ടായിട്ടും ചില സ്ഥലങ്ങളിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി ഉത്തരവാദിത്ത രാഹിത്യമായി കണക്കാക്കേണ്ടി വരും.
സന്നദ്ധ സംഘടനകൾ ശേഖരിച്ചതും സർക്കാർ അറിഞ്ഞിട്ട് കൊടുത്താൽ മതി. ഓരോരുത്തർക്കും വേണ്ടാത്ത സാധനങ്ങൾ തള്ളാനുള്ള കേന്ദ്രങ്ങളായി ക്യാമ്പുകൾ മാറരുത്. ഒരാളുടെയും അടയാളങ്ങൾ അകത്തുവേണ്ട. എല്ലാ സ്ഥലത്തും സംഭരണ കേന്ദ്രം തുറക്കാൻ കഴിയില്ല. ആരാണ് നൽകുന്നത്, ആവശ്യക്കാർക്ക് കൊടുക്കാൻ കഴിയുന്നതാണോ എന്നുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടി വരുമെന്നും എ.സി. മൊയ്തീൻ പറഞ്ഞു.
കോൾനിലങ്ങളിലെ പത്തായങ്ങൾ എടുത്തുമാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു. പനങ്കുളം ഭാഗത്തെ ബണ്ട് ദുർബലപ്പെടുന്നത് അടിയന്തരമായി പരിഹരിക്കാൻ കൃഷി മന്ത്രി മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

എ.സി. മൊയ്തീന്റെ പ്രധാന നിർദ്ദേശങ്ങൾ:

വെള്ളക്കെട്ടുകളിൽ കുട്ടികളെ കളിക്കാൻ വിടരുത്
ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരത്ത് മാലിന്യത്തിന്റെ അളവ് കുറയ്ക്കണം
ടോയ്‌ലറ്റുകൾ ഇല്ലാത്തിടത്ത് ബയോ ടോയ്‌ലെറ്റുകൾ സ്ഥാപിക്കണം.
ജില്ലാ കേന്ദ്രത്തിലും ജില്ലാ കേന്ദ്രം ചുമതലപ്പെടുത്തുന്ന കേന്ദ്രങ്ങളിലും മാത്രമേ സംഭരണ കേന്ദ്രം തുറക്കാവൂ.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധന സാമഗ്രി ശേഖരണം സർക്കാർ അധീനതയിലാവണം.
സന്നദ്ധ സംഘടനാ പ്രവർത്തകരുടെ പട്ടിക തയാറാക്കി ലഭിക്കുന്നതും വിതരണം ചെയ്യുന്നതുമായ സാധനങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കണം.
രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായ മത്സ്യത്തൊഴിലാളികളെ കൺട്രോൾ റൂമിന്റെ നിർദ്ദേശ പ്രകാരം ആവശ്യമായ സ്ഥലങ്ങളിൽ വിന്യസിക്കണം.

യോഗത്തിൽ പങ്കെടുത്തവർ

ഗവ. ചീഫ് വിപ്പ് കെ. രാജൻ, എം.എൽ.എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ, അഡ്വ. വി.ആർ. സുനിൽകുമാർ, കോർപറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധി ടി.എ രാമകൃഷ്ണൻ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ ജൈത്രൻ, ബി.ഡി. ദേവസി എം.എൽ.എയുടെ പ്രതിനിധി മനോജ്, മറ്റു ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പൊലീസ് മേധാവി (റൂറൽ) വിജയകുമാരൻ.