തൃശൂർ: മഴയുടെ തോത് കുറഞ്ഞതോടെ ജില്ലയിൽ കൂടുതൽ ഡാമുകൾ അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിലെ ഏഴ് ഡാമുകളിലെയും ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. മേജർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലെ ഡാമുകളിൽ ചിമ്മിനി ഡാമിൽ സംഭരണ ശേഷിയുടെ 49.88 ശതമാനം വെള്ളം മാത്രമാണുള്ളത്. പീച്ചി ഡാമിൽ സംഭരണ ശേഷിയുടെ 58.90 ശതമാനമേ വെള്ളമുള്ളു. മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള മൂന്ന് ചെറിയ ഡാമുകളിൽ രണ്ടെണ്ണം തുറന്നിരുന്നു. ഇവിടങ്ങളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. അസുരംകുണ്ട് ഡാമിന്റെ പരമാവധി സംഭരണ ശേഷി 10 മീറ്റർ വരെയാണെങ്കിലും 8.80 മീറ്ററായി ക്രമീകരിച്ച് അധികജലം തുറന്നുവിടുന്നുണ്ട്. പത്താഴക്കുണ്ട് ഡാമിന്റെ പരമാവധി ജലനിരപ്പ് 10.50 മീറ്റാണ്. ഇവിടെ 10.05 മീറ്ററിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ഡാം തുറക്കേണ്ടി വരില്ല. പൂമല ഡാമിൽനിന്ന് നാല് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പെരിങ്ങൽക്കുത്ത് ഡാമിന്റെ ജലനിരപ്പ് 420.35 മീറ്ററാണ്. ഡാമിലെ ജലനിരപ്പ് 419.4 ആയി ക്രമീകരിക്കുന്നതിനായി വെള്ളം തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. ഷോളയാർ ഡാമിൽ 46.57 ശതമാനം മാത്രമാണ് ജലം സംഭരിച്ചിട്ടുള്ളത്. തൂണക്കടവ് ഡാമിൽനിന്ന് അധികജലം പുറത്തേക്ക് വിടുന്നുണ്ട്.