തൃശൂർ: കനത്ത മഴ ജില്ലയിലെങ്ങും നാശം വിതയ്ക്കുമ്പോൾ, അപകട ഭീഷണി ഉയർത്തി തൃശൂർ നഗരത്തിൽ നൂറ്റാണ്ട് പഴക്കമുളള നൂറിലേറെ കെട്ടിടങ്ങൾ. ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ഫുട്പാത്തുകൾക്ക് സമീപം കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ നൂറോളമുണ്ടെന്നായിരുന്നു ടൗൺ പ്ലാനറുടെ കണ്ടെത്തൽ.
ഇത്തരം കെട്ടിടം പൊളിച്ചു നീക്കണമെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായില്ല. 300 ഓളം കെട്ടിടങ്ങൾ പൊളിക്കണമെന്ന് കോർപറേഷൻ പൊതുമരാമത്ത് വിഭാഗം കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ എം.ഒ റോഡിലെ കെട്ടിടം തകർന്നതോടെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കണമെന്ന മുറവിളിക്ക് ആക്കം കൂടി. അലുമിനിയം ഫാബ്രിക്കേഷനും അലങ്കാരപ്പണികളും നടത്തി സുന്ദരമാക്കി വെച്ചിരിക്കുന്നതിനാൽ പല കെട്ടിടങ്ങളും ഒറ്റ നോട്ടത്തിൽ കാലപ്പഴക്കമുളളതാണെന്ന് തിരിച്ചറിയാനാകില്ല. ഇത്തരം കെട്ടിടങ്ങളിലെ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ കിഴക്കേ കോട്ട, ജയ്ഹിന്ദ് മാർക്കറ്റ്, സ്വരാജ് റൗണ്ട്, ബ്രഹ്മസ്വം മഠം റോഡ് എന്നിവിടങ്ങളിലെ ഇരുപതോളം കെട്ടിടങ്ങളാണ് ഭാഗികമായി തകർന്നത്. പൊളിച്ചുനീക്കാൻ റവന്യൂ വകുപ്പും ജില്ല ഭരണകൂടവും മുന്നറിയിപ്പ് നൽകിയ കെട്ടിടങ്ങളാണ് തകർന്നതെല്ലാം. അവധി ദിനങ്ങളിലും ആളൊഴിഞ്ഞ സമയത്തുമായതിനാൽ ദുരന്തങ്ങളുണ്ടായില്ല. അപ്പോഴും പ്രഖ്യാപനങ്ങൾ ഉണ്ടായതല്ലാതെ പൊളിക്കാൻ നടപടി ഉണ്ടായില്ല. അപകടസാദ്ധ്യതയുളള കെട്ടിടങ്ങളിൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ വരെ പ്രവർത്തിക്കുന്നുണ്ട്.
ആദ്യദുരന്തത്തിന് 9 വയസ്
2010 സെപ്തംബറിൽ പോസ്റ്റ്ഓഫീസ് റോഡിലെ ഏഴ് പതിറ്റാണ്ട് പഴക്കമുള്ള കേരളഭവൻ ലോഡ്ജ് തകർന്ന് വീണ് ഒരാൾ മരിക്കുകയും തമിഴ്‌നാട് സ്വദേശിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന്, കോർപറേഷൻ പൊതുമരാമത്ത് വിഭാഗവും റവന്യൂ വകുപ്പും കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് നൽകി. നഗരത്തിൽ ചെറുതും വലുതുമായി നിരവധി കെട്ടിടങ്ങൾ പൊളിക്കാൻ അന്നും നിർദ്ദേശം നൽകിയിരുന്നു.
തശൂർ പൂരത്തിന് വെടിക്കെട്ട് കാണാൻ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് ജില്ല ഭരണകൂടത്തിന്റെ വിലക്കുണ്ടെങ്കിലും പല കെട്ടിടങ്ങളിലും ആൾക്കൂട്ടമുണ്ടാകും. നഗരത്തിലെ അനധികൃത നിർമാണം കണ്ടെത്തി നടപടിയെടുക്കുന്നതിന് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് കോർപറേഷൻ സമിതിയുണ്ടാക്കിയെങ്കിലും അതും ഫലം കണ്ടില്ല. കോർപറേഷൻ പരിധിയിലെ പഴകിയ കെട്ടിടങ്ങൾ സർവേ നടത്തി കണ്ടെത്തി പൊളിച്ചു നീക്കാൻ നഗരസഭ മുൻകൈയെടുക്കണമെന്ന് മൂന്നുവർഷം മുൻപ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
തടസം വ്യാപാരികൾ
''കെട്ടിടങ്ങൾ പൊളിച്ചു നീക്കിയാൽ ജീവിതമാർഗമില്ലാതാവുമെന്ന് പറഞ്ഞ് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. 28 വ്യാപാരികളുടെ യോഗം വിളിച്ചുചേർത്തെങ്കിലും തീരുമാനമായില്ല. 122 കെട്ടിടങ്ങൾക്ക് നൂറോളം വർഷം പഴക്കമുണ്ട്. എല്ലാ കെട്ടിടങ്ങളും അപകടാവസ്ഥയിലല്ല. ''
മേയർ അജിത വിജയൻ