തൃശൂർ: മഴക്കെടുതിയിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി തൃശൂർ ജില്ലാ കളക്ടറേറ്റിൽ ആരംഭിച്ച കളക്‌ഷൻ സെന്റർ സജീവം. ഇന്നലെ രാവിലെയാണ് സെന്റർ ആരംഭിച്ചതെങ്കിലും അവശ്യവസ്തുക്കൾ ആവശ്യത്തിന് എത്തുന്നുണ്ട്. ജില്ലയിലെ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള സാധനങ്ങളാണ് സംഭരിക്കുന്നത്.

കളക്ടറേറ്റിലെ ബാർ അസോസിയേഷൻ ഹാളിൽ ആരംഭിച്ച സെന്ററിന്റെ ചുമതല ഡെപ്യൂട്ടി കളക്ടർ കാഞ്ചന വല്ലിക്കാണ്. മരുന്നുകൾ, വസ്ത്രങ്ങൾ, സാനിറ്ററി മെറ്റീരിയലുകൾ, നിത്യോപയോഗ വസ്തുക്കൾ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുന്നത്. ഇവ രേഖപ്പെടുത്തി തരം തിരിച്ച ശേഷം ക്യാമ്പുകളിലേക്ക് നൽകും. സന്നദ്ധ സംഘടനകളുടെ പൊതു വേദിയായ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ വളണ്ടിയർമാർ കർമ്മനിരതരായി രംഗത്തുണ്ട്. സെന്ററിലെത്തുന്ന വസ്തുക്കൾ തരംതിരിക്കുന്നതും ക്യാമ്പുകളിലേക്ക് എത്തിക്കാനുള്ള സംവിധാനമൊരുക്കുന്നതും ഇവരാണ്.