ചാവക്കാട്: മുതുവട്ടൂരിൽ വലിയ മാവ് റോഡിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചാവക്കാട് കുന്നംകുളം പാതയിൽ കോടതിപ്പടിക്ക് സമീപം പഴയ വൈദ്യുതി ആഫീസിന് എതിർവശത്തെ സ്വാകാര്യ വ്യക്തിയുടെ വലിയ മാവ് ആണ് കടപുഴകി റോഡിലേക്ക് വീണത്. രാവിലെ ഒമ്പതരയോടെ ഒരു ബസ് കടന്നുപോയ ഉടനെയായിരുന്നു മരം കടപുഴകിയത്. തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. വീഴ്ചയിൽ സമീപത്തെ വൈദ്യുതി തൂണും തകർന്നു. ഗുരുവായൂർ അഗ്‌നി ശമന സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ, ലീഡിംഗ് ഫയർമാൻ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിശമന സംഘവും നാട്ടുകാരും വൈദ്യുതി വിഭാഗവും ചേർന്നാണ് മരം വെട്ടി മാറ്റിയത്. മണിക്കൂറുകൾക്ക് ശേഷമാണ് ഇത് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.