മാള : പത്രവിതരണക്കാരനായ ഇ.സി ഫ്രാൻസിസിന് എല്ലാം ഈസിയാണ്. മഴക്കെടുതിയെ തോൽപ്പിച്ച് മുൻ ദിവസങ്ങളിലെപ്പോലെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഇ. സി. ഫ്രാൻസിസ് പത്രവിതരണം നടത്തി. കടുപ്പൂക്കര, ചേര്യേക്കര, നിവാസികൾക്ക് സമീപ പ്രദേശങ്ങളിലെ വിശേഷങ്ങൾ അറിയാനും പങ്കുവെയ്ക്കാനും ഏക ആശ്രയം പത്രവായനയായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട താഴ്ന്ന പ്രദേശമായ ഈ ഭാഗത്ത് കഴിഞ്ഞ മൂന്നു ദിവസമായി വൈദ്യുതിയില്ല. കരിങ്ങാച്ചിറ മാള റോഡ് മഴവെള്ളത്താൽ ദിവസങ്ങളായി മുങ്ങിക്കിടക്കുകയാണ്.
ഇരുവശങ്ങളും ചാലും കോൾ നിലങ്ങളുമായതിനാൽ നീന്തിയാത്ര ചെയ്യുന്നതും വലിയ അപകടത്തിന് വഴിയൊരുക്കും. ദിവസവും വെളുപ്പിന് പത്രവിതരണത്തിനായി ബൈക്കിലൂടെയാണ് ഫ്രാൻസിസ് ഇതുവഴി യാത്ര ചെയ്തിരുന്നത്. എന്നാൽ ഈ റോഡിൽ മഴവെള്ളം കയറിയ അന്നു മുതൽ പത്രക്കെട്ട് തലയിൽ ചുമന്ന് ഒരു കിലോമീറ്ററോളം ദൂരം മഴവെള്ളത്താൽ മുങ്ങിക്കിടക്കുന്ന റോഡ് താണ്ടിയാണ് പോകുന്നത്. പത്രപ്രവർത്തകരെ പോലെ വിതരണക്കാരനും ഒരു പ്രതിസന്ധിയും തടസമാകരുതെന്ന നിലപാടാണ് കേരളകൗമുദി ഏജന്റ് കൂടിയായ ഫ്രാൻസിസിനുള്ളത്.