ശേഖരിച്ചത് ആറ് ലക്ഷത്തിലധികം രൂപ വില വരുന്ന സാധന സാമഗ്രികൾ

കൊടുങ്ങല്ലൂർ: മലബാർ മേഖലയിലുണ്ടായ രൂക്ഷമായ പ്രളയക്കെടുതിക്കിരയായവർക്ക് കൈത്താങ്ങേകാൻ കൊടുങ്ങല്ലൂരിൽ ആരംഭിച്ച കളക്ഷൻ സെന്ററിലേക്ക് ലക്ഷങ്ങളുടെ സഹായമെത്തി. നിറയെ സാമഗ്രികളുമായി രണ്ട് ടോറസ് ലോറികൾ കൊടുങ്ങല്ലൂരിൽ നിന്നും നിലമ്പൂരിലേക്കും വയനാട്ടിലേക്കും അയച്ചു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. ദുരിതബാധിതർക്ക് അത്യാവശ്യമായി എത്തിക്കേണ്ട സാധനങ്ങൾ ശേഖരിക്കുന്നതിനായി ശനിയാഴ്ച് ഉച്ചയോടെയാണ് ഈ സംവിധാനം പ്രവർത്തനമാരംഭിച്ചത്. വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് എന്നിവയിലൂടെ ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ പ്രചരിപ്പിച്ചു. മുഗൾ മാളിന്റെ പാർക്കിംഗ് സ്ഥലം പ്രയോജനപ്പെടുത്തി ആരംഭിച്ച കളക്ഷൻ സെന്ററിൽ ഇന്നലെ മുഴുവൻ സാധന സാമഗ്രികളുമായെത്തിയവരുടെ വൻ തിരക്കായിരുന്നു. പായ, പ്ലാസ്റ്റിക്ക് ഷീറ്റ് , കിടക്ക വിരി, പുതപ്പ് , ബ്ലാങ്കെറ്റ്, മെഴുകുതിരി, തീപ്പെട്ടി, കൊതുകുതിരി, പുതിയ വസ്ത്രങ്ങൾ, പെട്ടെന്ന് കഴിക്കാവുന്ന ഭക്ഷണ സാധനങ്ങൾ (ബിസ്‌കറ്റ്, കുക്കീസ്, റസ്‌ക്), പാൽപ്പൊടി , കുട്ടികളുടെ ഭക്ഷണം, കുട്ടികളുടെയും സ്ത്രീകളുടെയും നാപ്കിൻ, മരുന്നുകൾ ( പാരസെറ്റമോൾ , ഒ.ആർ.എസ്) തുടങ്ങിയവയാണ് ഇവിടെ സ്വീകരിച്ചത്.
ഇവിടെ ലഭിച്ച മുഴുവൻ സാധന സാമഗ്രികളും കൃത്യമായി ലിസ്റ്റ് ചെയ്യാൻ സംവിധാനമേർപ്പെടുത്തിയിരുന്നു. ആറ് ലക്ഷത്തിലധികം രൂപ വില വരുന്ന സാധന സാമഗ്രികൾ ശേഖരിക്കാനായി. കഴിഞ്ഞ പ്രളയ കാലത്ത് ഈ സംവിധാനം പൊലീസ് മൈതാനിയിൽ പരീക്ഷിച്ച് വിജയിച്ചിരുന്നു. ഫിലിം സൊസൈറ്റി, കൊടുങ്ങല്ലൂർ കോ ഓപ്പറേറ്റീവ് കോളേജ്, സ്ത്രീക്കൂട്ടായ്മ തുടങ്ങിയവയുടെ മുൻ നിര പ്രവർത്തകരും അംഗങ്ങളും ിതിനായി കൈകോർത്തു . അഡ്വ. അനൂപ് കുമാരൻ, ദിലീഫ് മാസ്റ്റർ, റിജോയ്, സലി, വി.പി. കല്ല്യാൺ റാം, രാജേഷ് രാമൻ, സൽമ, നെജു ഇസ്മായിൽ, സമദ് തുടങ്ങിയ നിരവധി പേർ ഈ സംവിധാനത്തിനായി രംഗത്തുണ്ടായിരുന്നു.