ചാലക്കുടി: നാലു ദിവസമായിട്ടും കാരക്കുളത്തുനാടിന്റെ ഒറ്റപ്പെടലിന് അറുതിയില്ല. വി.ആർ പുരത്തിനടുത്ത മൂന്നു ഭാഗവും പാടശേഖരത്താൽ ചുറ്റപ്പെട്ട കാർഷിക മേഖലയാണ്. മലവെള്ളപ്പാച്ചിലുണ്ടായ വ്യാഴാഴ്ച പ്രവേശന കവാടങ്ങളെല്ലാം അടഞ്ഞു. പ്രളയ ഭീതിയിലായ ഇരുപതോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് ചേക്കേറി.
മറ്റുള്ള നൂറോളം വീട്ടുകാർ ഈ കാർഷിക തുരുത്തിൽ ഒറ്റപ്പെടുകയും ചെയ്തു. പലയിടത്തും വെള്ളമിറങ്ങുമ്പോഴും കാരക്കുളത്തുനാട്ടിലെ ജോലിക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.

രോഗികളായ ചിലർക്ക് ഇതുവരെയും ആശുപത്രിയിൽ പോകാനും ആകുന്നില്ല. പാടശേഖരത്തിൽ നിന്നും കുളവാഴയടക്കം മാലിന്യം റോഡിലേക്കെത്തി. ഇവ നീക്കം ചെയ്തു തുടങ്ങിയെങ്കിലും നഗരവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല. റെയിൽവേ സ്റ്റേഷൻ മേൽപ്പാലത്തിൽ നിന്ന് ഇവിടേക്കുള്ള റോഡിൽ നാലടിയോളം വെള്ളം ഇപ്പോഴുമുണ്ട്. വെള്ളാഞ്ചിറയിലേക്കുള്ള മറുഭാഗത്ത് വെള്ളം ഇതിലേറെ കെട്ടിക്കിടക്കുകയാണ്. മറ്റൊരു ഭാഗത്തുള്ള റെയിൽപ്പാത മുറിഞ്ഞു കടന്നാണ് വീട്ടുകാർ വി.ആർ പുരം ജംഗ്ഷനിൽ എത്തുന്നത്. മൂന്നു ദിവസം വെള്ളത്തിനടിയിലായ ഇവിടുത്തെ കാർഷിക വിളകൾ നല്ലൊരുപങ്കും ഇനി തിരിച്ചു കിട്ടില്ല. പ്രളയത്തിൽ ഏറെ നശിച്ചുപോയ കാരക്കുളത്തുനാട്ടിൽ വീണ്ടുമൊരു ദുരിതമാണ് സംഭവിച്ചിരിക്കുന്നതെന്ന് നാട്ടുകാരനായ വെള്ളുപറമ്പിൽ ബിജു പറഞ്ഞു. വടക്കേ വെള്ളാഞ്ചിറയിലേക്കുള്ള റോഡ് പൂർത്തീകരിച്ചാൽ പ്രശ്‌നത്തിന് ചെറിയ പരിഹാരമാകുമെന്നും ഇയാൾ ചൂണ്ടിക്കാട്ടി.