കൊടുങ്ങല്ലൂർ: മഴക്കെടുതി ഉയർത്തിയ വെല്ലുവിളികൾ നിയന്ത്രണ വിധേയമാണെന്നും, ആശങ്കയ്ക്കിടയില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനി സിവിൽ സ്‌റ്റേഷനിൽ നടന്ന അവലോകന യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനായി കൊടുങ്ങല്ലൂരിൽ വിഭവ സമാഹരണ കേന്ദ്രം തുറക്കാനും വിവിധ സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹായം ഉറപ്പാക്കാൻ യോഗം വിളിക്കാനും അവലോകന യോഗത്തിൽ തീരുമാനമായി. നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, തഹസിൽദാർ കെ. രേവ, അഡീഷണൽ തഹസിൽദാർ ബിന്ദു, ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, നഗരസഭാ സെക്രട്ടറി സുജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ശൃംഗപുരത്തെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദർശിച്ചു.