പുതുക്കാട്: മഴ മാറി നിന്ന ഇന്നലത്തെ പകൽ അസ്തമനത്തോടുത്തപ്പോഴും വെള്ളം താഴാത്തതിനാൽ ജനങ്ങളുടെ ദുരിതം ഒഴിയുന്നില്ല. കരകവിഞ്ഞ മണലി, കുറുമാലി പുഴകളിൽ നിന്നുള്ള വെള്ളം പലയിടത്തും വഴിമാറി ഒഴുകുകയാണ്. കുറുമാലി പുഴയിൽ നന്തിക്കര മീൻ കുഴിപാടത്തെ മൺച്ചിറ തകർന്നതോടെ പള്ളിക്ക് പിറകുവശത്തെ വീടുകൾ വെള്ളത്തിൽ മുങ്ങി. പഴയ ദേശീയ പാത കവിഞ്ഞൊഴുകുന്ന വെള്ളം പുഴയിലേക്ക് തന്നെ ഒഴുക്കാൻ ദേശീയപാതയുടെ കിഴക്കുവശത്തെ പെട്രോൾ പമ്പിലേക്കുള്ള പ്രവേശന വഴികൾ ജെ.സി ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. രാപ്പാൾ പള്ളത്ത് കുറുമാലി പുഴയുടെ മൺചിറ തകർന്ന് പുഴ ഗതി മാറി ഒഴുകി. മണലിപുഴ പാഴായി പടിഞ്ഞാട്ടും മുറിയിൽ ഗതി മാറി ഒഴുകുന്നത് പാഴായി ഊരകം റോഡ് മറികടന്നാണ് . പീച്ചി ഇറിഗേഷൻ ഇടതുകര കനാലിലൂടെ ഒഴുകുന്ന വെള്ളം കനാൽ കവിഞ്ഞ് ഒഴുകുന്നതിനാൽ ആമ്പല്ലൂർ വരന്തരപ്പിള്ളി റോഡിൽ വെണ്ടോർ ചുങ്കത്ത് റോഡ് കവിഞ്ഞൊഴുകുകയാണ് . മുപ്ലിയം റോഡിൽ നന്തിപുലത്ത് റോഡിൽ വെള്ളം അൽപം താഴ്ന്നെങ്കിലും ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല.