gvr-station
ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ വെള്ളം കയറിയപ്പോൾ

ഗുരുവായൂർ: പ്രളയത്തിൽ ഗുരുവായൂർ പൊലീസ് സ്റ്റേഷനും വെള്ളത്തിലായി. കണ്ടാണശേരിയിൽ ഗുരുവായൂർ - തൃശൂർ റോഡിൽ പ്രവർത്തിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലെ എല്ലാ മുറികളിലും ഒരടിയോളം ഉയരത്തിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. കഴിഞ്ഞ വർഷവും വെള്ളം കയറിയിരുന്നതിനാൽ രേഖകളെല്ലാം നേരത്തെ സുരക്ഷിതമാക്കി മാറ്റിവെച്ചിരുന്നു.

സ്‌റ്റേഷനിലെ മേശകളെല്ലാം കോൺക്രീറ്റ് കട്ടകൾ വെച്ച് ഉയർത്തി വെച്ചിരിക്കയാണ്. ഇന്നലെ മഴ കുറവായിരുന്നതിനാൽ ഗുരുവായൂരിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയത് ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. നഗരസഭ പരിധിയിൽ ആരംഭിച്ച വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നാനൂറിലധികം പേരാണ് കഴിയുന്നത്. ഇതിൽ പകുതിയിലധികം പേർ തൈക്കാട് അപ്പുമാസ്റ്റർ മെമ്മോറിയൽ സ്‌ക്കൂളിലെ ക്യാമ്പിലാണുള്ളത്. നഗരസഭ ദുരന്തനിവാരണ സേനയുടെ സേവനങ്ങൾ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ഏത് സമയത്തും ബന്ധപ്പെടാവുന്ന വിധത്തിൽ നഗരസഭ ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ചെയർപേഴ്‌സൻ വി.എസ് രേവതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ യഥാസമയം വിലയിരുത്തുന്നുമുണ്ട്.