തൃശൂർ: പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 500 അംഗ ഇന്റർ ഏജൻസി വളണ്ടിയർ ഗ്രൂപ്പ് രൂപീകരിച്ചു. കളക്ടറുടെ ആഹ്വാനപ്രകാരം ജില്ലയിലെ 500 ഓളം വരുന്ന യുവതീ യുവാക്കൾ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സന്നദ്ധപ്രവർത്തകരായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. വ്യക്തിഗത തലത്തിലും സന്നദ്ധസംഘടനകൾ എന്ന നിലയിലുമാണ് ഇത്രയും പേർ രജിസ്റ്റർ ചെയ്തത്. ജില്ലയിലെ എഴു താലൂക്കുകളിലുമുള്ള മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലുമായി ഇവരെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ, അംഗങ്ങൾ, അവരുടെ വിവരങ്ങൾ ഉൾപ്പെടെയുള്ളവ കൃത്യമായി ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ആദ്യഘട്ടത്തിലെ ഇവരുടെ ചുമതല. നിലവിൽ രജിസ്റ്റർ ചെയ്ത 500 പേർക്ക് ജില്ലാ ഭരണകൂടം സന്നദ്ധപ്രവർത്തകർക്കായുള്ള തിരിച്ചറിയൽ കാർഡ് നൽകി ബന്ധപ്പെട്ട ക്യാമ്പിലേക്ക് അയക്കും.