തൃശൂർ : കനത്ത മഴയ്ക്കിടെ ജില്ലയിൽ ഇന്നലെ മൂന്നു മരണം. വെള്ളക്കെട്ടിൽ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് കോളേജ് വിദ്യാർത്ഥിക്കും ജീപ്പ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കെ.എസ്.ഇ.ബി താത്കാലിക ഡ്രൈവർക്കും വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥനുമാണ് ജീവൻ നഷ്ടപ്പെട്ടത്. പെരുമ്പടപ്പ് പാലപ്പെട്ടി തെക്കൂട്ട് വീട്ടിൽ ഷരീഖ് ഷംസുദ്ദീൻ (24), അകമ്പാടം തലക്കോട്ടുകര ജോസ് (58) പെരിങ്ങാവിൽ വെള്ളക്കെട്ടിൽ വീണ് മംഗലത്ത് വീട്ടിൽ പ്രദീപ് (51) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ചാവക്കാട് ഏനാമാവ് റോഡിലെ എം.കെ സൂപ്പർമാർക്കറ്റിന് മുന്നിലെ വെള്ളക്കെട്ടിലാണ് ഷരീഖ് ഷംസുദ്ദീന്റെ (24) മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ അഞ്ചോടെ അതുവഴി വന്ന പാൽവണ്ടിയിലുള്ളവരാണ് യുവാവ് വീണു കിടക്കുന്നത് കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഹൈവേ പട്രോൾ പൊലീസ് സ്ഥലത്തെത്തി. വെള്ളക്കെട്ടിൽ കിടന്ന ഷരീഖിനെ എടുക്കാൻ ശ്രമിച്ച പൊലീസുകാർക്കും ഷോക്കേറ്റു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചു. മൃദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലാണ്. ചാവക്കാട് പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചാവക്കാട്ട് ഡെന്റൽ ക്ലിനിക് നടത്തുന്ന ഡോ. ഷജുനാസ് സഹോദരനാണ്. ഷരീഖ് മണിപ്പാൽ യൂണിവേഴ്‌സിറ്റിയിലെ സുവോളജി വിദ്യാർത്ഥിയാണ് .
ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വൈദ്യുതി ലൈനിലെ തകരാറ് പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരോടൊപ്പം ജീപ്പിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് ജോസ് മരിച്ചത്. ജീപ്പോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് ദിവസമായി രാപ്പകലില്ലാതെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്യുകയായിരുന്നു. വടക്കാഞ്ചേരി കോടതിക്ക് മുന്നിലെ ടാക്സി സ്റ്റാൻഡിൽ ജീപ്പ് ഡ്രൈവറായിരുന്ന ജോസ് വർഷങ്ങളായി വൈദ്യുതി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിക്കുകയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഓട്ടുപാറ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ : ഷീബ. മക്കൾ : ജുബിൻ, ജിതിൻ.
പാട്ടുരായ്ക്കൽ ദേവമാതാ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന പ്രദീപ് ക്യാമ്പിൽ നിന്നും വീട്ടിലേക്ക് പോയതായിരുന്നു. പെരിങ്ങാവിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇയാൾ ക്യാമ്പിലെത്തിയത്. വീടിനടുത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപസ്മാര രോഗബാധിതനാണ് പറയുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ക്യാമ്പുകളിൽ 40,000 പേർ
ജില്ലയിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയാത്തതിനാൽ 245 ദുരിതാശ്വാസ ക്യാമ്പുകളിലായി 40,000 പേരുണ്ട്. സംസ്ഥാനപാതയിലടക്കം ഗതാഗതം ഇപ്പോഴും ഭാഗികമാണ്. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവീസുകൾ വെട്ടിക്കുറച്ചു. തൃശൂർ കോഴിക്കോട് റോഡിൽ പുഴയ്ക്കലിൽ ശനിയാഴ്ച മുതൽ തുടങ്ങിയ ഒറ്റവരി ഗതാഗതം തുടരുകയാണ്. അയ്യന്തോൾ വഴി മുതൽ പൂങ്കുന്നം വരെ വലതുഭാഗത്തെ റോഡിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.