തൃശൂർ: പുല്ലഴിയിലും അയ്യന്തോളിലും പൂങ്കുന്നത്തും വെള്ളം പൊങ്ങിയതിന് കാരണമായ കുളവാഴകൾ മണ്ണുമാന്തി കൊണ്ട് നീക്കി. കെ.എൽ.ഡി.സി കനാലിലെ കുളവാഴകൾ നീക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. മൂന്ന് വർഷത്തേക്ക് കുളവാഴകൾ നീക്കാൻ ടെൻഡർ എടുത്ത കരാറുകാരനെക്കൊണ്ട് അതു ചെയ്യിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നും കർഷകർ പരാതിപ്പെട്ടിരുന്നു. പുത്തൻകോൾ പാലം, പുല്ലഴി വലിയ പാലം, ചെറിയ പാലം എന്നിവയ്‌ക്കെല്ലാം സമീപം കുളവാഴ വൻതോതിൽ പെരുകിയതാണ് വെള്ളക്കെട്ട് ഉണ്ടാക്കിയത്. മുകളിൽ നിന്നും വെള്ളം ഒഴുകി വന്നത് താഴോട്ടു പോകാനാവാത്ത വിധം ഇവിടെ കുളവാഴകൾ പെരുകിയപ്പോൾ ഇരുകരകളിലേക്കും വെള്ളം കയറുകയായിരുന്നു. പുല്ലഴി, അയ്യന്തോൾ, പ്രിയദർശിനി നഗർ, ഉദയ നഗർ, മൈത്രി നഗർ എന്നിവിടങ്ങളിലെല്ലാം വെള്ളം ഉയരാൻ കനാലിലെ കുളവാഴകൾ കാരണമായി.