പ്രതിഷേധവുമായി വ്യാപാരികൾ

തൃശൂര്‍: നഗരത്തിൽ കനത്തമഴയ്ക്കിടെ ഭാഗികമായി തകര്‍ന്ന 150 വര്‍ഷം പഴക്കമുള്ള കെട്ടിടം കോർപറേഷൻ പൊളിച്ചുനീക്കി. കെട്ടിടത്തിലെ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാന്‍ ആവശ്യമായ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് വ്യാപാരികള്‍ പ്രതിഷേധമുയർത്തിയെങ്കിലും കെട്ടിടം പൊളിക്കുന്നത് നീട്ടിവയ്ക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോർപറേഷൻ നേതൃത്വം. ഞായറാഴ്ച പുലർച്ചെയാണ് സ്വരാജ് റൗണ്ടിൽ എം.ജി റോഡിലേക്കുള്ള ജംഗ്ഷനിലെ മൂന്ന്നില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. ആർക്കും പരിക്കേറ്റിരുന്നില്ല്ല. എന്നാല്‍, കുമ്മായവും വെട്ട്കല്ലും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ബാക്കി നിലനിറുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഞായറാഴ്ച രാത്രി തന്നെ പൊളിക്കാന്‍ തുടങ്ങി. കട ഉടമകൾക്ക് സാധനങ്ങൾ നീക്കണമെന്ന് ഉടൻ നിർദ്ദേശവും നൽകിയിരുന്നു.

കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും വ്യാപാരികളും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. നഗരസഭാ പരിധിയില്‍ അപകടകരമായ സാഹചര്യത്തിലുള്ള 122 കെട്ടിടങ്ങളെക്കുറിച്ച് ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതേസമയം, വ്യാപാരികളുടെ എതിർപ്പുണ്ടെങ്കിലും നിലനിറുത്താന്‍ കഴിയാത്ത പഴയ കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുനീക്കാനാണ് നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. കുറിക്കമ്പനികൾ, മെഡിക്കൽ ഷോപ്പ്, ക്ളിനിക്ക് തുടങ്ങിയ 28 വ്യാപാര സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിലുണ്ടായിരുന്നത്. താഴത്തെ നിലയിലെ കടകളാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. തൊട്ടടുത്തുളള കെട്ടിടങ്ങളും കാലപ്പഴക്കമുളളതാണ്. ഉടനെ പൊളിക്കുന്നത് ഒഴിവാക്കാൻ ആ കെട്ടിടങ്ങളിലെ ഉടമകൾ കളക്ടറെ സമീപിക്കുന്നുണ്ട്. ലീഡിംഗ് ഫയർമാൻ അനിൽ കുമാർ, ഫയർമാൻ ഡ്രൈവർ കെ.എൽ എഡ്വേർഡ്, ഫയർമാൻമാരായ രമേഷ്, നവനീത് കണ്ണൻ, വിനീത്, ഹോം ഗാർഡ് ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെട്ടിടം പൊളിച്ച് നീക്കിയത്...