തൃശൂർ: തൃശൂരിൻ്റെ പൈതൃക സൗന്ദര്യമായിരുന്ന ഒന്നരനൂറ്റാണ്ട് പഴക്കമുളള കെട്ടിടം മണ്ണടിയുമ്പോൾ ഉയരുന്നത് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പ്രായോഗികമാകുമോ എന്ന ആശങ്ക. ചട്ടം പാലിച്ച് ഈ സ്ഥലത്ത് കെട്ടിടനിർമ്മാണം നടത്താൻ കടമ്പകളേറെയുണ്ട്. റോഡിൽ നിന്ന് നിശ്ചിത അകലം പാലിച്ചു വേണം നിർമ്മാണം തുടങ്ങാൻ. അതിനു മാത്രമുളള സ്ഥലം അവിടെയില്ല.

ലോക പൈതൃകപ്പട്ടികയിൽ ഇടം പിടിച്ച വടക്കുന്നാഥ ക്ഷേത്രാങ്കണത്തിന്റെ മുന്നിൽ പുതിയ നിർമാണത്തിന് കർശന നിബന്ധനകളുണ്ട്. അതെല്ലാം മറികടക്കുന്നതും എളുപ്പമല്ല. നഗരത്തിൻ്റെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നാണത്. ജനറൽ ആശുപത്രി അടക്കമുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എങ്കിലും കെട്ടിടം നിർമ്മിക്കേണ്ടതിൻ്റെ അനിവാര്യത കണക്കിലെടുത്ത് ചട്ടങ്ങളിൽ ചില ഇളവുകളോടെ നിർമ്മാണം നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

റൗണ്ടിലേക്ക് മുഖമുള്ള കെട്ടിടങ്ങളിൽ ഏറ്റവും പഴക്കമുള്ള കെട്ടിടമായിരുന്നു പൊളിഞ്ഞത്. തൃശൂരിലെ പ്രമുഖരായ മേനാച്ചേരി തറവാട്ടുകാർ നിർമിച്ച മൂന്ന് നില കെട്ടിടം, ആദ്യം തൃശൂർ രൂപതയുടെയും പിന്നീട് കോർപറേഷന്റെയും ഉടമസ്ഥതയിലെത്തുകയായിരുന്നു. 40 വർഷം മുമ്പാണ് കോർപറേഷന് കെട്ടിടം ലഭിച്ചത്. അന്ന് മുതൽ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ലെന്നും ആക്ഷേപമുയർന്നിരുന്നു.

അടുത്ത കാലത്ത് നഗരത്തിലെ ബലക്ഷയമുള്ള കെട്ടിടങ്ങളുടെ കണക്ക് കോർപറേഷന് എടുത്തിരുന്നു. അതിൽ നഗരപരിധിയിൽ 121 കെട്ടിടങ്ങൾക്ക് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിരുന്നു. അതിലൊന്നായിരുന്നു കോർപറേഷന്റെ ഈ കെട്ടിടവും. ബാക്കിയുള്ള 120 എണ്ണവും സ്വകാര്യ വ്യക്തികളുടേതാണ്.

തകർന്നത് പൈതൃക സൗന്ദര്യം

തൃശൂരിന് പുതിയമുഖം കൈവന്നപ്പോൾ ഉയർന്ന കെട്ടിടമായിരുന്നു ഞായറാഴ്ച പുലർച്ചെ കനത്തമഴയിൽ തകർന്ന് വീണത്. വ്യാപാരവ്യവസായ പ്രമുഖർ പിറവികൊണ്ട ഈ പൈതൃക മന്ദിരം ഇനി ഓർമ. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന്, കൂറ്റൻ ജെ.സി.ബിയുടെ സഹായത്തോടെയാണ് ഒരു ഭാഗം ഇന്നലെ പൊളിച്ച് നീക്കിയത്. കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലുകൾ പിടിപ്പിച്ചാണ് കെട്ടിടത്തിന് ബലം കൂട്ടിയിരുന്നത്. ഈ ശക്തിയാലാണ് ഒന്നര നൂറ്റാണ്ട് പതറാതെ നിന്നിരുന്നത്. അങ്ങാടിമരുന്ന് കടകളും ഭാഗ്യക്കുറിക്കടയും ഒരുകാലത്ത് ഇവിടെയുണ്ടായിരുന്നു. തേക്കിൻ പലകകൾ പാകി കുമ്മായമിട്ട ഉറപ്പിച്ച മൂന്ന് നിലകൾ ഉള്ള ഈ കെട്ടിടത്തിൽ 28 കടകൾ പ്രവർത്തിച്ചിരുന്നു. പുതിയത് പണിയുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണമെന്നതിനാലാണ് കെട്ടിടം നിലനിറുത്തിയത്.

''തൃശൂരിന്റെ പൈതൃകം നിലനിറുത്തുന്ന പുതിയ കെട്ടിടം ചട്ടങ്ങൾ പാലിച്ചുകൊണ്ടു തന്നെ കോർപറേഷന്റെയും വ്യാപാരികളുടെയും സഹകരണത്തോടെ നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ''

- സ്ഥലം സന്ദർശിച്ച് മന്ത്രി വി.എസ്. സുനിൽകുമാർ