തൃശൂർ: കനത്ത മഴയിൽ താറുമാറായ ട്രെയിൻ ഗതാഗതം ഇന്നലെയും പൂർവസ്ഥിതിയിലായില്ല. വടക്കൻ ജില്ലകളിൽ പലയിടത്തും ട്രാക്കുകളിൽ വെള്ളം കയറിയും മറ്റും തടസം ഉണ്ടായതാണ് കാരണം. ഫറോക്ക് പാലത്തിലെ സുരക്ഷാപ്രശ്‌നം പരിഹരിച്ചതോടെ രണ്ടു ദിവസത്തിന് ശേഷം ഇന്നലെ ഉച്ചയോടെ ഇതുവഴി ഗതാഗതം ആരംഭിച്ചു. മംഗലാപുരത്ത് നിന്നും പുറപ്പെട്ട ഏറനാട് എക്‌സ്പ്രസാണ് ഇന്നലെ ഈ റൂട്ടിൽ ആദ്യം തൃശൂരിലേക്കെത്തിയത്.
തൃശൂരിൽ നിന്ന് വടക്കോട്ടുള്ള ആദ്യ ട്രെയിനും തിരുവനന്തപുരത്ത് നിന്നെത്തിയ ഏറനാട് എക്‌സ്പ്രസായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് 3.40ന് തൃശൂരിൽ നിന്നും വടക്കോട്ടേക്ക് ഏറനാട് യാത്ര തിരിച്ചു. തൊട്ടുപിറകെ മംഗലാപുരം പരശുറാം എക്‌സ്പ്രസും വടക്കോട്ടേക്ക് സർവീസ് നടത്തി.
കോഴിക്കോട്, കണ്ണൂർ വഴി സർവീസ് നടത്തേണ്ട സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് ഇന്നലെ പാലക്കാട് വഴി തിരിച്ചുവിട്ടു. നേരത്തെ ഷെഡ്യൂൾ ചെയ്ത് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതിനാലാണിത്. രാവിലത്തെ എറണാകുളം കണ്ണൂർ ഇന്റർ സിറ്റി എക്‌സ്പ്രസും തിരുവനന്തപുരത്ത് നിന്ന് രാവിലെ കണ്ണൂർ വരെ പോകേണ്ട ജനശതാബ്ദി എക്‌സ്പ്രസും ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.
പട്ടാമ്പിക്കും ഷൊർണൂരിനുമിടയിൽ കാരക്കാട്ട് ട്രാക്കിൽ വീണ മണ്ണും മരവും ഇലക്ട്രിക് ലൈനിലുണ്ടായ തകരാറും കാരണം ഈ ഭാഗത്ത് ഒരു ട്രാക്കിലൂടെയാണു ഗതാഗതം. തടസം നീക്കുന്ന ജോലി അതിവേഗം നടക്കുന്നു. പള്ളിപ്പുറം, കല്ലായി, സെക്ഷനിലെ ട്രാക്കിലും പള്ളിപ്പുറം, കുറ്റിപ്പുറം, തിരുന്നാവായ, തിരൂർ, താനൂർ സ്റ്റേഷനുകളിലും മഴക്കെടുതിയുണ്ടായി. പാലക്കാട്, പൊള്ളാച്ചി, ഷൊർണൂർ, നിലമ്പൂർ റൂട്ടുകളിൽ തടസങ്ങളില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് മംഗലാപുരം, റൂട്ടിൽ ട്രെയിനുകൾ ഓടിത്തുടങ്ങിയിരുന്നു. ചില സ്ഥലങ്ങളിൽ തടസം നീക്കിയെങ്കിലും ജനറൽ ചീഫ് എൻജിനിയർ ട്രാക്ക് സുരക്ഷാ റിപ്പോർട്ട് നൽകിയാലേ സർവീസ് സാധാരണ നിലയിലാകൂ. തൃശൂർ കണ്ണൂർ പാസഞ്ചർ ഇന്ന് പതിവുപോലെ സർവീസ് നടത്തും. ദീർഘദൂര ട്രെയിനുകളിൽ ചിലത് റദ്ദാക്കിയിട്ടുണ്ട്.

...................................................................

സുരക്ഷാ പ്രശ്‌നമുള്ള ട്രാക്കുകളിൽ പരിശോധന നടത്തിയതിന് ശേഷമേ ട്രെയിൻ കടത്തിവിടാൻ സാധിക്കൂ. ഈ സാഹചര്യത്തിൽ റെഗുലർ സർവീസുകൾക്ക് രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടി വരും
ജയകുമാർ (സ്റ്റേഷൻ മാനേജർ, തൃശൂർ)