കയ്പ്പമംഗലം: മഴ കനത്തതോടെ എടത്തിരുത്തിയിലെ കർഷകർ പ്രതിസന്ധിയിലായി. ഓണവിപണി ലക്ഷ്യമിട്ടും മറ്റും നടത്തിയിരുന്ന കൃഷിയിടങ്ങളാണ് വെള്ളത്തിൽ പൂർണമായും മുങ്ങിയത്. പാട്ടത്തിനെടുത്തും സ്വന്തമായും നടത്തിയിരുന്നവയാണ് ഭൂരിഭാഗവും. എടത്തിരുത്തി പൈനൂർ ഒന്നാം വാർഡിൽ താമസിക്കുന്ന കരിഞ്ഞത്ത് ജയസേനന്റെ രണ്ടേക്കർ വരുന്ന കൃഷിയിടത്തിലെ വാഴ, വെണ്ട, കൊള്ളി, മത്തൻ, ജാതി തുടങ്ങിയ പച്ചക്കറി കൃഷിയും കൂടാതെ മത്സ്യക്കൃഷിയുമാണ് പൂർണ്ണമായും നശിച്ചത്.
കനത്ത മഴയിൽ തൊട്ടടുത്തുകൂടെ ഒഴുകുന്ന കനോലികനാൽ കരകവിഞ്ഞതാണ് കർഷകനായ ജയസേനന്റെ കൃഷിയിടത്തിൽ വെള്ളം കയറി നശിക്കാൻ കാരണം. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ജയസേനന്റെ കൃഷി നശിച്ചിരുന്നു. എകദേശം ഒന്നര ലക്ഷം രൂപയോളമാണ് നഷ്ടമുണ്ടായതെന്ന് ജയസേനൻ പറഞ്ഞു.ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് ക്ഷേത്രത്തിനടുത്ത് തൃപ്രയാർ സ്വദേശി ശ്രീവത്സന്റെ 10 ഏക്കർ കൃഷിയിടത്തിലെ മൂവായിരത്തോളം വരുന്ന വാഴക്കൃഷി ഉൾപ്പെടെയുള്ളവ പൂർണ്ണമായും വെള്ളത്തിലാണ്. വിവിധയിനം പച്ചക്കറികളും വെളളത്തിൽ നശിച്ചു. ഇവിടെ മത്സ്യക്കൃഷിയെയും വെളളക്കെട്ട് സാരമായി ബാധിച്ചു. നാടൻ മത്സ്യങ്ങൾ ഉൾപ്പടെയുള്ളവ വെള്ളത്തിൽ ഒലിച്ചുപോയി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ശ്രീവത്സൻ പറഞ്ഞു. കുട്ടമംഗലം 18ാം വാർഡിൽ താമസിക്കുന്ന വലിയകത്ത് അബ്ദുൽ റഷീദിനും വ്യാപക കൃഷിനാശമാണുണ്ടായത്. വാഴ, ചേനയടക്കം നിരവധി പചക്കറികൃഷികൾ, മത്സ്യക്കൃഷി, കോഴിവളർത്തൽ എന്നിവയാണ് നശിച്ചത്. ഏകദേശം അരലക്ഷം രൂപയോളം നഷ്ടമുണ്ടായതായി റഷീദ് പറഞ്ഞു. എടത്തിരുത്തിയിലെ മിക്ക കൃഷിയിടങ്ങളിലും സമാനമായ അവസ്ഥയാണ്.