kainatuthara
കൈനാട്ടുതറ കോളനിക്കാർ കുഴൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ

മാള: അവഗണനയുടെ ദുരിതം പേറുന്ന കൈനാട്ടുതറ കോളനിക്കാരുടെ പ്രളയക്കെടുതിയെ കുറിച്ച് അന്വേഷിക്കാനെത്തിയത് വീട് വീണ്ടും വെള്ളത്തിലായതിന്റെ തലേന്ന്. പ്രളയത്തിൽ വീടുകൾ പൂർണമായി മുങ്ങിയ കുഴൂർ പഞ്ചായത്തിലെ കൈനാട്ടുതറ കോളനിക്കാർക്ക് സർക്കാർ ആദ്യഘട്ടത്തിൽ അനുവദിച്ച പതിനായിരം രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും അതിനായി യാതൊന്നും ലഭിച്ചിട്ടില്ല.

വീടുകൾക്ക് തകരാർ സംഭവിച്ചതിന് നഷ്ടപരിഹാരമായി യാതൊന്നും സർക്കാരിൽ നിന്ന് ലഭിക്കാതെ വന്നപ്പോൾ ജില്ലാ കളക്ടർക്ക് നൽകിയ അപ്പീൽ അപേക്ഷയിലാണ് ഇപ്പോൾ അന്വേഷണത്തിന് എത്തിയത്. അന്വേഷണത്തിന് വന്നതിന്റെ പിറ്റേന്നാണ് വീടുകളിൽ വീണ്ടും വെള്ളം കയറി കോളനിക്കാർ കുഴൂർ സർക്കാർ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. തലേന്ന് അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥർ ചോദിച്ചത് വീട് എന്തിനാണ് ശരിയാക്കിയതെന്നാണെന്ന് കോളനിക്കാർ പറയുന്നു.

ഉണ്ടായതെല്ലാം വിറ്റും കടം വാങ്ങിയുമാണ് വീടുകൾ അറ്റകുറ്റപ്പണി നടത്തിയതെന്നും ഒരു വർഷത്തോളം കാത്തിരുന്നതായും ഇവർ പരാതിപ്പെട്ടു. വീടിന്റെ കേടുപാടുകൾ ഇപ്പോൾ കാണുന്നില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. പ്രളയത്തെ തുടർന്ന് 22 ദിവസമാണ് അന്ന് ദുരിതാശ്വാസ ക്യാമ്പിൽ കൈനാട്ടുതറക്കാർ കഴിഞ്ഞത്.

സർക്കാരിന്റെ നഷ്ടപരിഹാരത്തിനായി ഇത്രയും കാലം കാത്തിരുന്നിട്ടും ലഭിക്കാതെ വന്നപ്പോഴാണ് സ്വന്തം നിലയിൽ വീട് ശരിയാക്കിയത്. അതിന്റെ അപ്പീൽ അപേക്ഷയിൽ പ്രളയത്തിന് ഒരു വർഷമായപ്പോഴാണ് അന്വേഷണത്തിന് എത്തിയതെന്നും കോളനിക്കാർ പരാതിപ്പെട്ടു. ഇപ്പോഴും വെള്ളം ഇറങ്ങാത്തതിനാൽ കോളനി വാസികൾ വീടുകളിലേക്ക് പോയിട്ടില്ല. കൈനാട്ടുതറ പട്ടികജാതി കോളനിയിലെ 41 കുടുംബങ്ങളിലായി ഇരുന്നൂറോളം പേരാണുള്ളത്. കുഴൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കൈനാട്ടുതറ.