ചാലക്കുടി: പാട്ടുകള്‍ പാടാനും കഥകള്‍ പറയാനും വിദ്യാര്‍ത്ഥികള്‍. നേരാനേരം ഭക്ഷണം മുന്നിലെത്തിക്കാൻ കുടുംബശ്രീ പ്രവര്‍ത്തകർ. വി.ആര് പുരത്തെ കമ്യൂണിറ്റി ഹാള്‍ ദുരിതാശ്വാസ ക്യാമ്പാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ആര്‍ക്കും ഒന്നിനും കുറവു വരരുതെന്ന നഗരസഭയുടെ നിശ്ചയ ദാര്‍ഢ്യമാണ് ഇവിടെ പ്രകടമാകുന്നത്. പ്രളയഭീതി നിഴലിച്ച വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇവിടെ ചേക്കേറിയത് നാനൂറ്റിയമ്പതോളം പേര്. മഴ ശമിച്ച് വെള്ളം ഇറങ്ങിയതോടെ മുന്നൂറ് പേര് തിരിച്ചുപോയി. ഇവര്‍ക്കെല്ലാം ഒത്തൊരുമയുടെ അനുഭൂതി സമ്മാനിച്ചാണ് ക്യാമ്പ് ദിനങ്ങള്‍ കടന്നുപോയത്. ഭക്ഷണം വിളമ്പാനും സാദ്ധ്യമായ കാര്യങ്ങളില്‍ സഹായം ചെയ്യാനുമായി ചാലക്കുടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എപ്പോഴും സജ്ജമാണ്. നാടന്‍ പാട്ടും താളം പിടിക്കലുമെല്ലാമായി നേരിട്ട ദുരിതങ്ങളെ തത്കാലമെങ്കിലും മറക്കുകയാണ് ക്യാമ്പിലുള്ളവര്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലും അഞ്ചും തവണ ഇവിടെ അഭയം തേടിയവരാണ് ഇതില്‍ ഭൂരിഭാഗം ആളുകളും. സ്വാഭാവികമായും ഇവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പ്രോഗ്രാം ഓഫീസര്‍ വിനു തോമസ് പറയുന്നു. സിവില്‍ സപ്ലൈ വിഭാഗം കൃത്യമായി ഭക്ഷണ സാമഗ്രികള്‍ എത്തിക്കുന്നുണ്ട്. ഇതിനുപുറമെ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. വി.ആര് പുരത്തുള്ള വീട് നിലനില്‍പ്പു ഭീഷണി നേരിടുകയാണെന്ന് എഴുപതുകാരി ദേവു പാക്രത്ത് പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നില്ല, ഇപ്പോള്‍ അതും സംഭവിച്ചു. സങ്കടപ്പെടുമ്പോഴും ഇവരുടെ വാക്കുകളില്‍ ക്യാമ്പിന് നൂറുമാര്‍ക്കാണ്.