തൃശൂർ : ജില്ലയിൽ കാലവർഷക്കെടുതിൽ ഇതുവരെ 242 വീടുകൾ തകർന്നു. 23 വീടുകൾ പൂർണമായും 219 വീടുകൾ ഭാഗികമായും തകർന്നു. 126 വില്ലേജുകളെ കാലവർഷം ബാധിച്ചു. കനത്ത മഴയിലും കാറ്റിലും കൊടുങ്ങല്ലൂർ താലൂക്കിലെ 110 വീടുകൾ തകർന്നു. ഇതിൽ 89 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നു. തലപ്പിള്ളി താലൂക്കിൽ 96 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു. ചാവക്കാട് താലൂക്കിൽ ഒരു വീട് പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. കുന്നംകുളം നഗരസഭ പ്രദേശത്ത് രണ്ടു വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ 43,819 പേർ

240 ദുരിതാശ്വാസ ക്യാമ്പുകളിലായി 13,949 കുടുംബങ്ങളിലെ 43,819 പേരാണ് കഴിയുന്നത്. മഴ കുറഞ്ഞതിനെ തുടർന്ന് 26 ക്യാമ്പുകൾ പിരിച്ചുവിട്ടു. ഇന്നലെ പുലക്കാട്ടുകരയിൽ ഒരു ക്യാമ്പ് പുതുതായി തുറന്നു. 19,268 പുരുഷന്മാരും 19,332 സ്ത്രീകളും 6,219 കുട്ടികളുമാണ് ക്യാമ്പിലുള്ളത്.

കൃഷിനാശം 7.29 കോടി

കാലവർഷം ശക്തമായ 10, 11 തീയതികളിലായി ജില്ലയിൽ 7.29 കോടി രൂപയുടെ കൃഷി നശിച്ചു. 900 കർഷകർക്കാണ് കൃഷിനാശം നേരിട്ടത്. 213.50 ഹെക്ടറിലാണ് കൃഷിനാശം. ഇതിന് 1.26 കോടി രൂപയുടെ സഹായം നൽകേണ്ടി വരുമെന്നാണ്് കണക്കാക്കുന്നത്. അതേസമയം, ജൂൺ ആറ് മുതൽ ആഗസ്റ്റ് 11 വരെ 204.16 കോടിയുടെ കൃഷി നശിച്ചിട്ടുണ്ട്. 10,490 കർഷകരുടെ 2649.14 ഹെക്ടറിലെ കൃഷി നശിച്ചു. 150 ഹെക്ടറിൽ 13.50 ലക്ഷത്തിന്റെ നെൽക്കൃഷിയും 5.75 കോടിയുടെ വാഴക്കൃഷിയും നശിച്ചു. 4.8 ലക്ഷത്തിന്റെ പച്ചക്കറി കൃഷിയും 1.08 കോടിയുടെ കമുക് കൃഷിയും രണ്ട് ഹെക്ടറിൽ മരച്ചീനി കൃഷിയും 0.5 ഹെക്ടറിൽ തെങ്ങും മഴയിൽ നശിച്ചു.

ഇന്നും നാളെയും മഞ്ഞ അലർട്ട്

ഇന്നും നാളെയും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മദ്ധ്യ പടിഞ്ഞാറൻ, വടക്ക് ബംഗാൾ ഉൾക്കടലിൽ തെക്ക്, തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ കാലവർഷത്തെ തുടർന്ന് വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും റോഡ് ഗതാഗതം പലയിടത്തും തടസപ്പെട്ടതിനാലും ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.