ചേലക്കര: കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ പുലാക്കോട് പറക്കുന്നിൽ ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി. ഈ പ്രദേശത്ത് വസിച്ചിരുന്ന ഇരുപത്തിനാലോളം കുടുംബങ്ങളെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുലാക്കോട് സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇന്നലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഉരുൾപൊട്ടാനുള്ള സാധ്യത ഇവിടെയില്ലെന്നതാണ് ജില്ലാ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേ സമയം കനത്ത മഴ പെയ്താൽ മണ്ണ് ഇടിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മഴ നിന്ന് ഉറവ കുറഞ്ഞതിനു ശേഷം വീടുകളിൽ താമസിച്ചാൽ മതിയെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
യു.ആർ. പ്രദീപ് എം.എൽ.എ ഇന്നലെ മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശവും പുലാക്കോട് സ്‌കൂളിലെ ക്യാമ്പും സന്ദർശിച്ചു. സ്‌കൂളിൽ ക്യാമ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള നടപടി കൈക്കൊണ്ടു. ചേലക്കര പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പിലെ അംഗങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.